കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ബാലസഭാംഗങ്ങളുടെ മഹാനവമി ആഘോഷങ്ങള്‍ക്ക് ഇത്തവണ തിളക്കം ഏറെയായിരുന്നു. തരിശായി കിടന്ന അഞ്ച് സെന്റ് ഭൂമിയില്‍ സ്വന്തമായി കൃഷി ചെയ്‌തെടുത്ത ചെണ്ടുമല്ലി പൂക്കളാണ് അവരുടെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിയത്.
ഈ അഞ്ച് സെന്റ് പാടത്ത് നിന്ന് ബാലസഭാംഗങ്ങള്‍ വിളവെടുത്തത് 38 കിലോഗ്രാം ചെണ്ടുമല്ലി! പുലര്‍വേള, നിലാവ് എന്നീ ബാലസഭകളിലെ അംഗങ്ങളായ 18 കുട്ടികള്‍ ചേര്‍ന്നാണ് കൃഷിയുടെ ഉത്തരവാദിത്തം പങ്കിട്ട് ചെണ്ടുമല്ലി കൃഷി നടത്തിയതും അതില്‍ വിജയിച്ചതും. എല്ലാവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു.
വിളവെടുത്ത പൂക്കള്‍ മഹാനവമി ആഘോഷങ്ങള്‍ക്കായി കിലോഗ്രാമിന് 80 രൂപ നിരക്കില്‍ വിറ്റഴിക്കാനും സാധിച്ചു. ഈ തുക ബാലസഭകളുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ അസിസ്റ്റൻറ് കോ-ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി ഏറ്റുവാങ്ങി. ബാലസഭാംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ്, ബാലസഭ റിസോഴ്‌സ് പേഴ്‌സണും പഞ്ചായത്തംഗവുമായ രാജന്‍ പൊയ്നാച്ചി, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.