‘ഉയരെ’ പറക്കും വയനാട്ടെ ഓക്‌സിലറി ഗ്രൂപ്പുകള്‍

കുടുംബശ്രീ യുവതീ ഗ്രൂപ്പുകളായ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനായി വയനാട് ജില്ലാ മിഷന്‍ അണിയിച്ചൊരുക്കിയ ‘ഉയരെ’ ക്യാമ്പയിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജില്ലയിലെ ന്യൂജനറേഷന്‍. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉപജീവന മേഖലകളിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നൈപുണ്യ പരിശീലന പരിപാടിക്കും ജില്ല തുടക്കമിട്ടു കഴിഞ്ഞു.

ക്യാമ്പെയ്‌ന്റെ ആദ്യ പടിയായി ജില്ലയിലെ സി.ഡി.എസുകളിൽ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമം സംഘടിപ്പിക്കുകയും വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉപജീവന സാധ്യതകളെക്കുറിച്ചും ക്ലാസ്സുകള്‍ നൽകുകയും ചെയ്തു. സ്വയംതൊഴിലും വരുമാനാധിഷ്ഠിത തൊഴിലും ചെയ്യാന്‍ താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുമായി ആദ്യഘട്ട നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. അസാപ് (ASAP) മായി സഹകരിച്ചാണ് ഈ ത്രിദിന നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ടാറ്റാ പവര്‍ സാങ്കേതിക സഹായവുമേകുന്നു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നായി 66 അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗോള്‍ സെറ്റിങ് ആന്‍ഡ് സ്വോട്ട് അനാലിസിസ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ലൈഫ് സ്‌കില്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വാസു പ്രദീപ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീരഞ്ജ്, എടവക സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, ടാറ്റ പവര്‍ ഇന്‍ ചാര്‍ജ് കെ.കെ. സജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ മേളയും ജില്ലാ മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.