പി.എം.എ.വൈ (അര്‍ബന്‍) : കേരളത്തിനായി ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി കുടുംബശ്രീ

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പി.എം.എ.വൈ (അര്‍ബന്‍) അവാര്‍ഡ്‌സ് 2021ലെ രണ്ട് ദേശീയ  പുരസ്കാരങ്ങൾ കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 19/10/2022 ന് നടന്ന പുരസ്കാരദാനച്ചടങ്ങില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയില്‍ നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് കേരളത്തിന് വേണ്ടി ബഹുമതികള്‍ ഏറ്റുവാങ്ങി.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍.എസ്, പ്രോഗ്രാം മാനേജര്‍മാരായ റോഷ്‌നി പിള്ള, ഭാവന.എം. എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ച്‌ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  പുരസ്കാരദാനം.

ഉപജീവന പദ്ധതികളുള്‍പ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക  പുരസ്കാരവും പദ്ധതിക്ക് കീഴില്‍ ഏറ്റവും മികച്ച സാമൂഹ്യാധിഷ്ഠിത പ്രോജക്ടിനുള്ള പുരസ്‌കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. കേരളത്തില്‍ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് 93 നഗരസഭകളിലും പി.എം.എ.വൈ (അര്‍ബന്‍) പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്കാരങ്ങളില്‍ ദേശീയതലത്തില്‍ മട്ടന്നൂര്‍ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികള്‍, അതത് നഗരസഭകളുടെ വിവിധ പദ്ധതികള്‍ എന്നിവയുമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവര്‍ത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാര്‍ഡിന് കുടുംബശ്രീയെ അര്‍ഹമാക്കിയത്.

പി.എം.എ.വൈ (അര്‍ബന്‍) ഗുണഭോക്തൃ കുടുംബങ്ങളെ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്ക് സൗജന്യതൊഴില്‍ നൈപുണ്യപരിശീലനം, സ്വയംതൊഴില്‍ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നല്‍കുന്നു. കൂടാതെ സൗജന്യഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിര്‍മ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇതു കൂടാതെ 2021 വരെ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെയെല്ലാം ഭവന ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുക, നിര്‍ദ്ധനരായ ഗുണഭോക്താക്കള്‍ക്ക് സി.എസ്.ആര്‍ സഹായം നേടിക്കൊടുക്കുക, ഭവന നിര്‍മ്മാണ സാമഗ്രികള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്കാരനിര്‍ണ്ണയത്തില്‍ പരിഗണിച്ചു.

ഈ പദ്ധതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാരും നഗരസഭകളും ചേര്‍ന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നല്‍കുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിനു ശേഷം ഗുണഭോക്തൃവിഹിതം ഈടാക്കുന്നതുമില്ല.