കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഗുജറാത്തിലെ രാജ്കോട്ടില്‍ സംഘടിപ്പിച്ച ‘ഇന്ത്യൻ അര്‍ബന്‍ ഹൗസിങ്ങ് കോണ്‍ക്ളേവ് 2022’ന്‍റെ പ്രദര്‍ശന വിഭാഗത്തില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയതിനുളള അവാര്‍ഡ് കുടുംബശ്രീയ്ക്ക് സ്വന്തം. കേന്ദ്ര മന്ത്രാലയം, വിവിധ സംസ്ഥാനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബില്‍ഡേഴ്സ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച 152 സ്റ്റാളുകളില്‍ നിന്നാണ് കുടുംബശ്രീയുടെ സ്റ്റാള്‍ ഒന്നാമതെത്തിയത്.
കേരളത്തിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിയും വിവിധ വകുപ്പുകളും പദ്ധതികളുമായുമുള്ള സംയോജന മാതൃക, മികച്ച സാമൂഹ്യാധിഷ്ഠിത പദ്ധതി നിര്‍വഹണം, കുടുംബശ്രീ വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍ മുഖേനയുള്ള ഭവന നിര്‍മ്മാണം എന്നീ ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ പ്രദര്‍ശന സ്റ്റാള്‍ സജ്ജീകരിച്ചത്.
കുടുംബശ്രീയ്ക്കു വേണ്ടി കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോറില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍. എസ് എന്നിവര്‍ സംയുക്തമായി പുരസ്‌കാരം സ്വീകരിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി കുല്‍ദീപ് നാരായണന്‍ ഐ.എ.എസ് ചടങ്ങില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ റോഷ്നി പിള്ള, ഭാവന എം എന്നിവരും കുടുംബശ്രീയെ പ്രതിനിധീകരിച്ച് ചടങ്ങിന്റെ ഭാഗമായി.