സ്വപ്ന സാഫല്യമായി ‘നങ്ക അങ്ങാടി’കള്‍

ഒരല്‍പ്പം തേയിലയോ പഞ്ചസാരയോ മറ്റു പലചരക്ക് ഉത്പന്നങ്ങളോ ഉൾപ്പെടുന്ന നിത്യോപയോഗ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന കഷ്ടതയില്‍ നിന്ന് വയനാട് ജില്ലയിലെ ആദിവാസി ഊരുകളിലെ ജനങ്ങളെ കരകയറ്റുകയാണ് ‘നങ്ക അങ്ങാടി’കള്‍. കാട്ടുനായ്ക്ക ഭാഷയിൽ  ‘നങ്ക അങ്ങാടി’ എന്നാല്‍ ‘ഞങ്ങളുടെ അങ്ങാടി’ എന്ന് അര്‍ത്ഥം.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ആദിവാസി ഊരുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തുടങ്ങിയിരുന്നു. വയനാട് ജില്ലാ മിഷന്‍ ഇതിന് പൂർണ്ണ പിന്തുണയുമേകി. തുടര്‍ന്ന് കുടുംബശ്രീ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഓരോ ആദിവാസി ഊരുകളിലും അവര്‍ക്ക് ആവശ്യമായ വീട്ടുപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി നങ്ക അങ്ങാടികൾ ആരംഭിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ടൗണില്‍ നിന്നും നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ കുടുംബശ്രീ അധികൃതരുടെ സഹായത്തോടെ കടകളിൽ എത്തിച്ച്‌ ഊരുനിവാസികൾ വിതരണം ചെയ്തു. ഊരുനിവാസികളില്‍പ്പെട്ട ഒരാള്‍ക്ക് തന്നെ കടയുടെ ചുമതലയും നല്‍കി. അങ്ങനെ അത് അവരുടെ സ്വന്തം അങ്ങാടി അഥവാ നങ്ക അങ്ങാടിയായി മാറി. ഒരു കട ആരംഭിക്കുന്നതിന് 30,000 രൂപ വായ്പാ സഹായവും കുടുംബശ്രീ നല്‍കുന്നു.

ക്രമേണ വയനാട് ജില്ലയിലെ മറ്റ് ആദിവാസി മേഖലകളിലേക്കും നങ്ക അങ്ങാടി പദ്ധതി വ്യാപിപ്പിച്ചു. ഇപ്പോള്‍ ജില്ലയിലാകെ അറുപതോളം നങ്ക അങ്ങാടികളുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ 30 ഊരുകളിലും ഓരോ നങ്ക അങ്ങാടികള്‍ വീതം ഇപ്പോൾ പ്രവർത്തിക്കുന്നു. ഈ നങ്ക അങ്ങാടികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പൊതുമാര്‍ക്കറ്റില്‍ നിന്നും മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കി കടകളിലൂടെ ഊരു നിവാസികള്‍ക്ക് വിതരണം ചെയ്യാനും വയനാട് ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിരിക്കുന്നു.

പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം നങ്ക അങ്ങാടികളുടെയും ചുമതല. അങ്ങനെ അവര്‍ക്ക് ഒരു ഉപജീവന മാര്‍ഗ്ഗവും നങ്ക അങ്ങാടികള്‍ മുഖേന കുടുംബശ്രീ തുറന്നു നല്‍കിയിരിക്കുന്നു.

ആദിവാസി ജനവിഭാഗത്തിന് ഏറെ തുണയാകുന്ന ഇത്തരമൊരു പ്രവര്‍ത്തനം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ തിരുനെല്ലി പ്രത്യേക പദ്ധതി ഉദ്യോഗസ്ഥര്‍ക്കും വയനാട് ജില്ലാ മിഷനും അഭിനന്ദനങ്ങള്‍.