ഗുരുഗ്രാം സരസ് മേളയില്‍ കുടുംബശ്രീയ്ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്‌

ഹരിയാനയിലെ ലെഷര്‍ വാലി പാര്‍ക്കില്‍ ഒക്ടോബര്‍ 7 മുതല്‍ 23 വരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ആജീവിക സരസ് മേളയില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 26 ലക്ഷം രൂപയുടെ വിറ്റുവരവ്. എട്ട് ഉത്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകളും കുടുംബശ്രീ എന്‍.ആര്‍.ഒ (നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍) മേല്‍നോട്ടം വഹിച്ച ഫുഡ്കോര്‍ട്ടില്‍ നാല് സ്റ്റാളുകളുമാണ് കുടുംബശ്രീയുടേതായുണ്ടായിരുന്നത്. ഉത്പന്നങ്ങള്‍ വിറ്റഴിച്ച ഇനത്തില്‍ 17.90 ലക്ഷം രൂപയും നല്ല നാടന്‍ കേരളീയ ഭക്ഷണമൊരുക്കി നല്‍കി 8.10 ലക്ഷം രൂപയുമാണ് കുടുംബശ്രീ സംരംഭകര്‍ സ്വന്തമാക്കിയത്. ആകെ 26 ലക്ഷത്തിന്റെ വിറ്റുവരവ്! കൂടാതെ മികച്ച പ്രദര്‍ശന-വിപണന സ്റ്റാളിനും ഫുഡ് കോര്‍ട്ടിലെ മികച്ച കഫേ സ്റ്റാളിനുമുള്ള പുരസ്‌ക്കാരങ്ങളും കുടുംബശ്രീ സംരംഭകര്‍ സ്വന്തമാക്കി. സുഗന്ധവ്യഞ്ജനങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ച ഇടുക്കി ജില്ലയില്‍ നിന്നുള്ള ശ്രേയസ് യൂണിറ്റ് പ്രദര്‍ശന സ്റ്റാളുകളിലും വിവിധ ഇനം ജ്യൂസുകള്‍ ഉള്‍പ്പെടെ തയാറാക്കി നല്‍കിയ എറണാകുളം ജില്ലയില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ ഗ്രൂപ്പിന്റെ ലക്ഷ്യ യൂണിറ്റ് ഫുഡ് കോര്‍ട്ട് സ്റ്റാളുകളിലും മികച്ചവയ്ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. മേളയില്‍ കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടായി.