മലപ്പുറം ജോബ് എക്‌സ്‌പോയില്‍ 521 പേര്‍ക്ക് തൊഴില്‍

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!
  2048 ഉദ്യോഗാര്‍ത്ഥികളാണ് ജോബ് മേളയില്‍ ആകെ പങ്കെടുത്തത്. അതില്‍ 2039 പേര്‍ക്കും മേളയിലൂടെ പുതിയൊരു വാതില്‍ തുറന്നു കിട്ടുകയായിരുന്നു. അതിഗംഭീരമായ സംഘാടനം കൊണ്ട് ജോബ് എക്സ്പോ ശ്രദ്ധേയമായി. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഒഴിവുള്ള തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വേക്കന്‍സി ഗൈഡും മുന്‍കൂട്ടി തയാറാക്കി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു.

  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.
 ജോബ് എക്സ്പോയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ ഹനീഫ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞു. അമ്പിളി മനോജ് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹുസൈനാ നാസര്‍, സന്തോഷ് കുമാര്‍ പി.എസ്, സക്കീന സെയ്ദ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

  വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍   സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
 പെരിന്തല്‍മണ്ണ നഗരസഭയുമായി ചേര്‍ന്ന് ഇത്തരത്തിലൊരു മികച്ച ഉദ്യമം നടത്തിയ മലപ്പുറം ജില്ലാ മിഷന് അഭിനന്ദനങ്ങള്‍!