നാടെങ്ങും ആവേശമുണർത്തി ഞങ്ങളുടെ ‘മുകുളങ്ങള്‍’

കൊട്ടിക്കലാശത്തിന് കാത്ത് എറണാകുളം… പാട്ട്, നൃത്തം, വര, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, എന്നിങ്ങനെയുള്ള കലാപ്രകടനങ്ങള്‍…ആവേശത്തിനും വാശിക്കും കലാമൂല്യത്തിനും ഒരു തരിമ്പ് പോലും കുറവുവരുത്താതെയുള്ള വര്‍ണ്ണ വിസ്മയങ്ങള്‍ ഒരുക്കി നാടൊട്ടുക്കും ഞങ്ങളുടെ ‘മുകുള’ങ്ങള്‍ തരംഗം സൃഷ്ടിക്കുകയാണ്…ബഡ്‌സ് കലോത്സവങ്ങളിലൂടെ.. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും) കുട്ടികള്‍ക്കായുള്ള കലോത്സവത്തിന്റെ ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കമായത് ഒക്ടോബര്‍ 20ന് ഇടുക്കിയിലാണ്. ഈ മാസം 13നും 14നുമായി എറണാകുളത്ത് സംസ്ഥാന കലോത്സവത്തോടെ ഈ വര്‍ഷത്തെ ബഡ്‌സ് ഫെസ്റ്റിന് കൊട്ടിക്കലാശവുമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കലോത്സവം നടന്നുകഴിഞ്ഞു. ശേഷിച്ച ജില്ലകളിലെ കലോത്സവങ്ങള്‍ അഞ്ചാം തീയതിയോടെ പൂര്‍ത്തിയാകും. ഇത്രയും ജില്ലകളിലായി 250ലേറെ ബഡ്‌സ് സ്ഥാപനങ്ങളിലെ 1500ഓളം കുട്ടികള്‍ കലോത്സവങ്ങളുടെ ഭാഗമായി.