ഒരു വിമാനയാത്ര…നമ്മള്‍ ഭൂരിഭാഗം പേരുടെയും ജീവിതാഭിലാഷങ്ങളില്‍ ഒന്ന്. എന്നാല്‍ കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ സി.ഡി.എസിലെ ഒരു കൂട്ടം ബാലസഭാംഗങ്ങള്‍ വെറും 3 മാസങ്ങള്‍ക്കകം ആ സ്വപ്‌നം സഫലമാക്കും. അതിന് മുന്‍കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരില്‍ ബാലസഭ അംഗങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില്‍ വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു. 26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്തു പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില്‍ 3 കുട്ടികളെയും തെരഞ്ഞെടുത്തു. 2023 ജനുവരിയില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. തെരഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബര്‍ മാസത്തില്‍ സംഘടിപ്പിക്കും.