കുടുംബശ്രീ മൃഗസംരക്ഷണ പദ്ധതികള്‍:  പ്രാദേശികതലത്തില്‍ ഊര്‍ജിതമാക്കാന്‍ ഇനി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ (സി.ആര്‍.പി)മാരുടെ സേവനവും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കര്‍ഷകര്‍ക്ക് തൊഴില്‍ രംഗം മെച്ചപ്പെടുത്തുന്നതിന് മികച്ച സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഉല്‍പന്ന സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനുമുളള അവസരം സൃഷ്ടിച്ചുകൊണ്ട് ഓരോ അയല്‍ക്കൂട്ടങ്ങളിലും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടാതെ കര്‍ഷകരുടെ കൂട്ടായ്മയായി ഉല്‍പാദക ഗ്രൂപ്പുകള്‍, ഉല്‍പാദക സ്ഥാപനങ്ങള്‍ എന്നിവ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ 941 സി.ഡി.എസുകളില്‍ നിന്നും തെരഞ്ഞെടുത്ത സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടമായി 152 ബ്ളോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന  സി.ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കി. ബാക്കിയുള്ളവരുടെ പരിശീലനം ഡിസംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും.  
ഒരു സി.ആര്‍.പിക്ക് എണ്‍പതു മുതല്‍ നൂറു വരെയുള്ള യൂണിറ്റുകളുടെ ചുമതലയാണ് ഉണ്ടാവുക. വനിതാ കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനം, തൊഴില്‍ അഭിവൃദ്ധിക്കായി നൂതന രീതികള്‍ സംബന്ധിച്ച വിജ്ഞാനം ലഭ്യമാക്കല്‍ എന്നിവയാണ് സി.ആര്‍.പിയുടെ പ്രധാന ചുമതലകള്‍. കര്‍ഷകര്‍ക്ക് യൂണിറ്റുകളായും വാര്‍ഡ്തലത്തില്‍ ക്ളസ്റ്ററുകള്‍ രൂപീകരിച്ചും പ്രവര്‍ത്തിക്കാനാകും.  അയല്‍ക്കൂട്ട വനിതകളെ സംരംഭകരാക്കി വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കും. സി.ആര്‍.പി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പ്രധാനമായും പാല്‍, മത്സ്യം, മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, വിപണനം എന്നിവയിലടക്കം ഗണ്യമായ പുരോഗതി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  

കര്‍ഷകര്‍ക്ക് മികച്ച മൃഗപരിപാലന രീതികള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ മൂലമുള്ള അധിക ചെലവും നഷ്ടവും കുറയ്ക്കുന്നതിനും തീറ്റക്രമം, തൊഴുത്തൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവസരമൊരുങ്ങും. കര്‍ഷകര്‍ക്കായി കാര്‍ഷിക പാഠശാലകള്‍, ഫീല്‍ഡ് അധിഷ്ഠിത പരിശീലനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ ആട് ഗ്രാമം, ക്ഷീരസാഗരം പദ്ധതികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂണിറ്റുകള്‍ക്കും പുതുതായി  മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷകര്‍ക്കും സി.ആര്‍.പിമാര്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ഏറെ സഹായകരമാകും. കര്‍ഷകരുടെ തൊഴില്‍ നൈപുണ്യ വികസനത്തിനും വരുമാന വര്‍ദ്ധനവിനും തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, വനംവകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നുണ്ട്.

ഇതോടൊപ്പം മൃഗങ്ങള്‍ക്കായി വാക്സിനേഷന്‍ ക്യാമ്പുകള്‍, പോഷകാഹാര ലഭ്യതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍, മികച്ച ബ്രീഡിങ്ങ് സംബന്ധമായ സേവനങ്ങള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്കാവശ്യമായ വിവിധ സാമ്പത്തിക പിന്തുണകള്‍ സംയോജന രീതിയിലാകും കണ്ടെത്തുക. ഇത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ളോക്കില്‍ നിന്നും തെരഞ്ഞെടുത്ത ക മ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കായി തിരുവനന്തപുരം മരിയാ റാണി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അഞ്ചു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.സജീവ് കുമാര്‍.എ, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രതീഷ് എസ്. എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.