വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ മുങ്ങി കണ്ണൂര്

വീട്ടുചുമതലകളും ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് സിനിമയുടെ മായാലോകത്തില്‍ മുഴുകാനുള്ള അവസരം കുടുംബശ്രീ അംഗങ്ങള്‍ക്കേകിയ കണ്ണൂര്‍ ജില്ലാ മിഷന്റെ ‘വുമണ്‍’ ഫിലിം ഫെസ്റ്റിവല്‍ സൂപ്പര്‍ ഹിറ്റ്! സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇതുവരെ 69 ഇടങ്ങളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ ഏകദേശം 10000ത്തിലേറെ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി.

ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്‍ഗ്രാമങ്ങളില്‍ പരിചയപ്പെടുത്തുകയെന്ന ദൗത്യം കൂടി മേളയ്ക്കുണ്ട്. ഒരു സി.ഡി.എസില്‍ നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സിനിമാ പ്രദര്‍ശനം നടത്തുന്നത്. സ്‌കൂള്‍, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്‍ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്‍ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം.ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങളെക്കൂടാതെ അവരുടെ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരെല്ലാം മേളയുടെ ഭാഗമാകുന്നു. ശേഷിച്ച സി.ഡി.എസുകളിലും നവംബറോടുകൂടി ചലച്ചിത്ര പ്രദര്‍ശനം പൂര്‍ത്തിയാക്കാനാണ് ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.