‘തകധിമി’യിൽ തിടമ്പേറ്റി തൃശ്ശൂർ

നവംബര്‍ 13, 14 തീയതികളിലായി എറണാകുളം കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവം ‘തകധിമി’യിൽ ഓവറോൾ ചാമ്പ്യൻ പട്ടം തൃശ്ശൂർ ജില്ലയ്ക്ക് സ്വന്തം. 23 പോയിന്റാണ് തൃശ്ശൂർ സ്വന്തമാക്കിയത്.
ഭിന്നശേഷിക്കാരായ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ ഈ കലാവസന്തത്തിൽ 15 ഇനങ്ങളിലായി മാറ്റുരച്ചത് 300ലേറെ കുട്ടികളാണ്. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ എറണാകുളം നേടിയത് 21 പോയിന്റും. 19 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, മുഖ്യാതിഥിയും സുപ്രസിദ്ധ സിനിമാതാരവുമായ റിമ കല്ലിങ്കൽ, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ കൃഷ്ണപ്രിയ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി ബഡ്സ് സ്കൂളിലെ അനീഷ് എ.സി കലാപ്രതിഭയായി. ബഡ്സ് കലോത്സവ ലോഗോ തയ്യാറാക്കിയ ശ്രീലക്ഷ്മി, തകധിമി എന്ന പേരു നിർദ്ദേശിച്ച ഡാനി വർഗീസ്, ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ എന്നിവർക്ക് റിമാ കല്ലിങ്കൽ ഉപഹാരം നൽകി.
സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. കളമശ്ശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, കൗൺസിലർ സംഗീത രാജേഷ്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രീതി. എം.ബി നന്ദി രേഖപ്പെടുത്തി.