സമന്വയം ക്യാമ്പയിന് തുടക്കം

കുടുംബശ്രീ തയാറാക്കിയ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി/ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖകളിലെ ആവശ്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 ലെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി ‘സമന്വയം 2022’  ക്യാമ്പയിനുമായി കുടുംബശ്രീ.

ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ചുമതലയുള്ള പരിശീലന ടീം അംഗങ്ങള്‍ക്ക് നവംബര്‍ 18 ന് പരിശീലനം സംഘടിപ്പിച്ചു. ഇവര്‍ സി.ഡി.എസ് ഭരണസമിതിക്ക് പരിശീലനം നല്‍കും. മെമ്പര്‍ സെക്രട്ടറി, പ്ലാന്‍ ക്ലര്‍ക്ക്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഉപസമിതി കണ്‍വീനര്‍മാര്‍, അക്കൗണ്ടന്റ് എന്നിവര്‍ ഒരുമിച്ചിരുന്ന് കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ ഗ്രാമീണ/ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ നാളതീകരിക്കും. 23ന്  ക്യാമ്പയിനു വേണ്ടി പ്രത്യേക സി.ഡി.എസ് യോഗവും 25, 26 തീയതികളില്‍ വാര്‍ഡ് മെമ്പറെ പങ്കെടുപ്പിച്ച് പ്രത്യേക എ.ഡി.എസ് പൊതുസഭയും നടത്തും.

നവംബര്‍ 27 ന് വര്‍ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 13 വിഷയങ്ങളായി തിരിഞ്ഞ് സി.ഡി.എസ് കരട് പദ്ധതികള്‍ തയ്യാറാക്കും. ഇപ്രകാരം ക്യാമ്പയിൻ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകും.