വയനാടിന്റെ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‌  ആരോഗ്യമന്ത്രിയുടെ അഭിനന്ദനം!

ഗര്‍ഭാശയഗള – സ്തനാര്‍ബുദങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ വയനാട് ജില്ലാ മിഷന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അഭിനന്ദനം. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നവംബര്‍ 17ന് ക്യാമ്പെയിനിൻറെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് ജില്ലാ മിഷന്റെ ഈ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചത്. ഒ ആന്‍ഡ് ജി സൊസൈറ്റിയുടെ സഹായത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ സ്ത്രീകളില്‍ അര്‍ബുദബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ക്യാമ്പയിന് വയനാട് തുടക്കമിടുന്നത്. കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെ (ജി.ആര്‍.സികള്‍) നേതൃത്വത്തില്‍ പരമാവധി ആളുകളിലേക്ക് ക്യാന്‍സര്‍ അവബോധം എത്തിക്കുകയും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു കൊടുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസക്കാലം കൊണ്ട് ജില്ലയിലെ ഒരു ലക്ഷം കുടുംബശ്രീ കുടുംബങ്ങളിലും സന്ദേശം എത്തിക്കും. പ്രഗത്ഭരായ ഡോക്ടര്‍മാരാകും ക്ലാസ്സുകള്‍ നയിക്കുക.

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ ആന്‍ഡ് ജി സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. ഓമന മധുസൂദനന്‍ സ്വാഗതം പറഞ്ഞു. നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കൗണ്‍സിലര്‍മാരായ കെ.സി. യോഹന്നാന്‍, ആരിഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍, പദ്ധതി വിശദീകരണം നടത്തി. ഡോ. ശിവകുമാര്‍, ഡോ. സുമ വിഷ്ണു, ഡോ. കല്പന, ഡോ. ഉമ രണ്‍ധീര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ സ്വതന്ത്ര മൈതാനി വരെ കുടുംബശ്രീ അംഗങ്ങളും വിനായക സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, അസംപ്ഷന്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, സെന്റ്. മേരീസ് കോളേജ്, ഡോണ്‍ ബോസ്‌കോ കോളേജ് എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു.