ആശയാധിഷ്ഠിത സമീപനങ്ങളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗ്രാമപഞ്ചായത്തുകളിലെ പ്രാദേശികവല്‍ക്കരണത്തെക്കുറിച്ചുള്ള ദേശീയ ത്രിദിന ശില്‍പ്പശാല എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ പഞ്ചായത്തുകള്‍ എന്ന വിഷയത്തില്‍ നവംബര്‍ 14 മുതല്‍ 16 വരെ സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്തീരാജ് മന്ത്രാലയം ശില്‍പ്പശാല സംഘടിപ്പിച്ചത്. കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി ശ്രീ കപില്‍ മൊരേശ്വര്‍പാട്ടീല്‍ ശില്‍പ്പശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കാന്‍ കേരളത്തിന് അവസരം നല്‍കിയതിന് പഞ്ചായത്തീരാജ് മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി കേരളത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും അവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനും ലഭിച്ച മികച്ചൊരു അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ദരിദ്രരില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിന് മൂര്‍ത്തമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ സംസാരിച്ചു. പഞ്ചായത്തീ രാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. സുനില്‍ കുമാര്‍, ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. നാഗേന്ദ്ര നാഥ് സിന്‍ഹ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ സ്വാഗതവും കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ് നന്ദിയും പറഞ്ഞു.
‘മുന്നോട്ടുള്ള പാത’ എന്ന വിഷയത്തില്‍, പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി ശ്രീ. സുനില്‍ കുമാറും ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. നാഗേന്ദ്ര നാഥ് സിന്‍ഹയും സംയുക്ത അദ്ധ്യക്ഷത വഹിച്ച പാനല്‍ ചര്‍ച്ചയില്‍ വീഡിയോ അവതരണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗയുക്തവുമായ ഗ്രാമപഞ്ചായത്തുകള്‍’ എന്ന വിഷയം വിശദമായി ചര്‍ച്ച ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. ജാഫര്‍ മാലിക്, യു.എന്‍.ഡി.പി ഇന്ത്യ ലൈവ്‌ലിഹുഡ്സ് പ്രോജക്ട് ഓഫീസര്‍ ശ്രീമതി ദിവ്യ ജെയിന്‍, കേരളത്തിലെ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.പി. സനില്‍, NIRD&PR മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ഡബ്ല്യു.ആര്‍.റെഡ്ഡി, തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ സെക്രട്ടറി ശ്രീ. എസ്.എം.വിജയാനന്ദ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
‘ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗയുക്തവുമായ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍’ നിന്നുള്ള മികച്ച മാതൃകകള്‍ എന്ന വിഷയത്തില്‍ നേരത്തെ നടന്ന പാനല്‍ ചര്‍ച്ചയ്ക്ക് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ നേതൃത്വം നല്‍കി. ‘സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സംരക്ഷണം പഞ്ചായത്തുകളിലൂടെ’ എന്ന സെഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡോ. ഷര്‍മിള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ശില്‍പ്പശാലയുടെ മൂന്നാം ദിനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കായി ഗ്രാമപഞ്ചായത്തുകളിലെ ഫീല്‍ഡ് സന്ദര്‍ശനവും ‘അനുഭവങ്ങള്‍ പങ്കിടലും പഠനവും’ സംഘടിപ്പിച്ചു. രാജ്യത്തും കേരളത്തിലുടനീളമുള്ള പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭാരവാഹികളും ദേശീയ ശില്‍പ്പശാലയില്‍ പങ്കെടുത്തു. 21 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 350-ലധികം പ്രതിനിധികളും കേരളത്തിലെ തദ്ദേശ സ്വയംഭരണ / പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവയില്‍ നിന്നുള്ള 350-ലധികം പ്രതിനിധികളും ഉള്‍പ്പെടെ ഏകദേശം 3000 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.