ദേശീയ സ്ത്രീ നാടകശില്‍പ്പശാലയില്‍ പങ്കെടുത്ത് രംഗശ്രീ ടീം അംഗങ്ങള്‍

തൃശ്ശൂരിലെ കിലയില്‍ ഫെബ്രുവരി ഏഴ് മുതല്‍ 12 വരെ സംഘടിപ്പിച്ച ദേശീയ സ്ത്രീ നാടക ശില്‍പ്പശാലിയ്‌ല# ഭാഗമായി കുടുംബശ്രീ രംഗശ്രീ അംഗങ്ങള്‍. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്ക്) ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

എം.കെ. റയിന, അനുരാധ കപൂര്‍, നീലം മാന്‍സിങ് ചൗധരി എന്നീ ഇന്ത്യന്‍ നാടക ലോകത്തെ അതികായരാണ് ശില്‍പ്പശാല നയിച്ചത്. രൂപ നിര്‍മ്മിതിയെക്കുറിച്ചുള്ള എം.കെ റയിനയുടെ ക്ലാസ്സോടെയാണ് ശില്‍പ്പശാലയ്ക്ക് തുടക്കമായത്. ക്യാമ്പംഗങ്ങള്‍ കടലാസു കൊണ്ടു ഭാവനയ്ക്കനുസരിച്ച് വിവിധ രൂപങ്ങളുണ്ടാക്കുകയും ആ രൂപങ്ങള്‍ സ്വന്തം ശരീരം കൊണ്ട് പുന:സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ശരീരാഭിനയത്തിന്റെ പ്രധാന പാഠങ്ങള്‍ പലതും പഠിച്ചറിയുകയായിരുന്നു അവര്‍. കലാകാരന്‍ സാമൂഹ്യ ബോധവും രാഷ്ട്രീയ വ്യക്തതയും ഉള്ളവരായിരിക്കണം എന്ന ആശയവും അദ്ദേഹം ക്യാമ്പംഗങ്ങളുമായി പങ്കുവെച്ചു.

സ്‌നേഹം, കരുതല്‍, പാരസ്പര്യത തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായകരമാകുന്ന തിയേറ്റര്‍ ഗെയിമുകളിലൂടെയാണ് അനുരാധ കപൂര്‍ തന്റെ പാഠങ്ങള്‍ ആരംഭിച്ചത്. ഇന്നും നാളെയും നീലം മാന്‍സിങ് ചൗധരി ക്യാമ്പിന് നേതൃത്വം നല്‍കുന്നു. അട്ടപ്പാടി കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പ് അംഗങ്ങളായ രണ്ട് പേരും 28 രംഗശ്രീ ടീം അംഗങ്ങളും ഉള്‍പ്പെടെ 51 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

കലാ, സാംസ്‌ക്കാരിക മേഖലകളിലെ സ്ത്രീ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ രൂപം നല്‍കിയ അയല്‍ക്കൂട്ടാംഗങ്ങളുടെ തിയേറ്റര്‍ ഗ്രൂപ്പുകളാണ് രംഗശ്രീ. സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍  കുടുംബശ്രീയുടെ ഈ കമ്മ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി വരുന്നു. അഭിനയ, കലാ രംഗത്ത് താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് മികച്ച അവസരം കൂടിയാണ് രംഗശ്രീ നല്‍കുന്നത്. 14 ജില്ലകളിലും ഓരോ രംഗശ്രീ ടീമുകള്‍ നിലവിലുണ്ട്.