ആദിതാളം- ആദിവാസി ബാലസഭാ ട്രൈബല്‍ കലോത്സവം ഒരുക്കി കണ്ണൂര്‍

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആദിവാസി ബാലസഭാ ട്രൈബല്‍ കലോത്സവം സംഘടിപ്പിച്ചു. 28 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 360 ബാലികാബാലന്മാര്‍ ഈ കലോത്സവത്തില്‍ മാറ്റുരച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ ഫെബ്രുവരി 11ന് സംഘടിപ്പിച്ച കലോത്സവത്തിന് വേദിയായത് കൂത്തുപറമ്പ് തൊക്കിലങ്ങാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

ഇവിടെയാരുക്കിയ അഞ്ച് വേദികളിലായി കൊക്കമാന്തിക്കളി, മംഗലപ്പാട്ട്, പുനംകൊത്തു പാട്ട്, തുടിമുട്ട്, തുടി എന്നീ തനത് ആദിവാസി കലാരൂപങ്ങളില്‍ ഉള്‍പ്പെടെ ആകെ 21 ഇനങ്ങളിലായിരുന്നു മത്സരം. 55 പോയിന്റ് നേടി ആലക്കോട് സി.ഡി.എസ് ഓവറോള്‍ കിരീടം ചൂടി. പയ്യാവൂര്‍ സി.ഡി.എസ് രണ്ടാം സ്ഥാനവും ഉളിക്കല്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി. കൊട്ടിയൂര്‍ സി.ഡി.എസിനെ പ്രതിനിധീകരിച്ചെത്തിയ വേദാ ഗിരീഷും പാട്യം സി.ഡി.എസില്‍ നിന്നുള്ള അര്‍ജ്ജുനും കലോത്സവത്തിലെ കലാരത്നങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഐ.എ.എസ്, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവരൊടൊപ്പം വി. സുജാത ടീച്ചര്‍, വി.കെ. സുരേഷ് ബാബു ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ കെ.പി.മോഹനന്‍ എം.എല്‍.എ  വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.