നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ യുവധാര വിജയികള്‍

നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തങ്ങളുടെ അപ്രമാദിത്വം  അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പൂളക്കപ്പാറ യുവധാര ഫുട്‌ബോള്‍ ക്ലബ്ബ് (എഫ്.സി). കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെയും പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുവധാര വിജയികളായിരിക്കുന്നു.

ഫെബ്രുവരി 13ന് ചന്തക്കുന്ന് മൗലാന അബ്ദുല്‍കലാം ആസാദ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ചെമ്പന്‍കൊല്ലി ബ്ലാക്ക് ആര്‍മി ടീമിനെയാണ് പൂളക്കപ്പാറ ടീം മറികടന്നത്. ഇരുപാദ മത്സരങ്ങളും ഷൂട്ടൗട്ടും സമനിലയിലായതിനെത്തുടര്‍ന്ന് ടോസിലൂടെയാണ് പൂളക്കപ്പാറ കിരീടം നിലനിര്‍ത്തിയത്. യുവധാരയുടെ രാജേഷ്, ഫൈനലിലെ മികച്ചതാരമായപ്പോള്‍ അവരുടെ തന്നെ നിധീഷ് മികച്ച പ്രതിരോധ താരത്തിനുള്ള ബഹുമതിയും സ്വന്തമാക്കി. മികച്ച ഗോളിയായി ബ്ലാക്ക് ആര്‍മിയുടെ സതീഷിനെയും തെരഞ്ഞെടുത്തു.

32 ടീമുകള്‍ പങ്കെടുത്ത ലീഗിലെ ടോപ് സ്‌കോററായി നിലമ്പൂര്‍ വൈ.എഫ്.സി താരം ശ്രീജിത്ത് തിളങ്ങി. ലീഗിലെ മികച്ച കളിക്കാരനായി ബ്ലാക്ക് ആര്‍മി ചെമ്പന്‍കൊല്ലിയുടെ ജിത്തുവിനെയും എമെര്‍ജിംഗ് പ്ലെയറായി യുവധാരയുടെ സജിമോനെയും തെരഞ്ഞെടുത്തു.

കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.

ആര്‍.പി. മിഥിന്‍ ലാല്‍ (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ജനമൈത്രി എക്‌സൈസ് എടക്കര), ഡോ. അശ്വതി സോമന്‍ (മെഡിക്കല്‍ ഓഫീസര്‍, ഗവ. മൊബൈല്‍ ഡിസ്പെന്‍സറി, നിലമ്പൂര്‍), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയും സംസ്ഥാന കബഡി കോച്ചുമായ മഞ്ജിത്ത് അര്‍ജുന്‍ദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ റിജേഷ് വി.എസ്, ടി.പി. ഷഫീഖ്, സി.ആര്‍. രാകേഷ്, സി.ടി. നൗഫല്‍, നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മുഹമ്മദ് സാനു, തൊടുവ കമ്മ്യുണിറ്റി ഫൌണ്ടേഷന്‍ സി.ഇ.ഒ ശ്യാംജിത് പാലക്കയം, കീസ്റ്റോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ഫസീല, മഹിളാ സമഖ്യ പ്രതിനിധി അജിത എന്നിവര്‍ സന്നിഹിതരായി.