128 ടണ്‍ പച്ചക്കറിയുടെ ‘പൊലിമ’യുമായി പുതുക്കാട് – രണ്ടാംഘട്ടത്തിനും തുടക്കം

ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കി വിജയം കൈവരിച്ചിരിക്കുകയാണ് ‘പുതുക്കാട്’ നിയോജകമണ്ഡലം. ‘പൊലിമ പുതുക്കാട്’ എന്ന നൂതന പദ്ധതിയിലൂടെ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള്‍ 126 ഹെക്ടര്‍ സ്ഥലത്ത് വിളയിച്ചത് 128 ടണ്‍ പച്ചക്കറി!

വിഷരഹിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട കൃഷിയുടെ ഉദ്ഘാടനം ഫെബ്രുവരി 17ന് നന്തിക്കര കൈതവളപ്പില്‍ ഗാര്‍ഡനില്‍ ബഹുമാനപ്പെട്ട സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിര്‍വഹിച്ചു.

പുതുക്കാട് നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. കെ.കെ. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒന്നാം ഘട്ടത്തില്‍ പഞ്ചായത്ത് തലത്തിലും മണ്ഡല തലത്തിലും മികച്ച പ്രകടനം കാഴ്ച്ചവച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌ക്കാരവിതരണവും നിര്‍വഹിച്ചു.

ഒരേക്കര്‍ 40 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നന്മ അയല്‍ക്കൂട്ടം നിയോജക മണ്ഡല തലത്തില്‍ വിജയികളായി. വല്ലച്ചിറയിലെ സൗന്ദര്യയും നെന്മണിക്കരയിലെ സൗഹൃദയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സി.ഡി.എസ് തല വിജയികളായ അയല്‍ക്കൂട്ടങ്ങള്‍
1. പുതുക്കാട് (വിജയശ്രീ, ശ്രേയസ്, തുളസി)
2. അളഗപ്പനഗര്‍ (ദേവി, ജീവ, ദേവിശ്രീ)
3. മറ്റത്തൂര്‍ (നന്മ, പുതുമ, കൈരളി)
4. നെന്മണിക്കര (സൗഹൃദ, പ്രതീക്ഷ, ഐശ്വര്യ)
5. തൃക്കൂര്‍ (ഉദയ, ശാന്തി, ഏഞ്ജല്‍ റോസ്)
6. വരന്തരപ്പിള്ളി (സ്‌നേഹ, അനശ്വര, സ്‌നേഹ)
7. വല്ലച്ചിറ (സൗന്ദര്യ, തളിര്‍, രൂപശ്രീ)
8. പറപ്പൂക്കര (ശ്രീലക്ഷ്മി, നവോദയ, ഭാഗ്യശ്രീ).

തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതി മുഖേനയുള്ള സഹായങ്ങളും അംഗങ്ങള്‍ക്ക് നല്‍കി. 2022 ഒക്ടോബര്‍ 24നാണ് ഒന്നാം ഘട്ടത്തിന് തുടക്കമിട്ടത്. ഭക്ഷ്യസുരക്ഷ, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കൃഷിയോട് താത്പര്യം വര്‍ദ്ധിപ്പിക്കല്‍, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് പൊലിമയുടെ പ്രധാന ലക്ഷ്യങ്ങള്‍.  

ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ പ്രതിനിധികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.