‘ചലനം 2023’ – നഗര സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം: രണ്ടു ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായി

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ‘ചലനം 2023’ ആദ്യ രണ്ടു ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായി. ഓരോ ബാച്ചിനും നാല് ദിവസം വീതം ആകെ അഞ്ചു ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക. കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികളുടെയും സാമൂഹിക ജനക്ഷേമ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉപസമിതി കണ്‍വീനര്‍മാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുളള പരിശീലനം ഇന്നലെ (22-02-2023) പൂര്‍ത്തീകരിച്ചു.

നഗര സി.ഡി.എസുകളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ട കുടുംബാംഗത്തിനും പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടു കൊണ്ട് ഫെബ്രുവരി 14നാണ് ‘ചലനം 2023’ പരിശീലന പരിപാടി ആരംഭിച്ചത്.  സാമൂഹിക വികസനം, അടിസ്ഥാന സൗകര്യ വികസനം,  വാര്‍ഡ് സഭ,തൊഴിലുറപ്പ്, മൈക്രോ ഫിനാന്‍സ് ഉപജീവനം, എന്നിങ്ങനെ വിഷയാധിഷ്ഠിതമായി ഇടപെട്ടു കൊണ്ട് നഗര സി.ഡി.എസുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നവരാണ് ഉപസമിതി കണ്‍വീനര്‍മാര്‍. സി.ഡി.എസും നഗരസഭയുമായി സംയോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒരു ബാച്ചില്‍ 129 പേര്‍ വീതം ആകെ 645 പേര്‍ക്ക് പരിശീലനം നല്‍കും.

കുടുംബശ്രീ പദ്ധതികള്‍ സംബന്ധിച്ച വിശദമായ ക്‌ളാസുകളും സംശയ നിവാരണത്തിനായി ചോദ്യോത്തര വേളയും ഉള്‍പ്പെട്ടതാണ് പരിശീലന പരിപാടി. ഉപസമിതികളുടെ പ്രസക്തിയും പ്രാധാന്യവും, കുടുംബശ്രീക്ക് ലഭ്യമാകുന്ന വിവിധ ഫണ്ടുകള്‍, സി.ഡി.എസിന്റെ തനതു പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും വിശദമായ പരിശീലനം ലഭ്യമാക്കും. ക്‌ളാസ് റൂം പരിശീലനത്തിനു പുറമേ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചു കൊണ്ട് എല്ലാ പരിശീലനാര്‍ത്ഥികള്‍ക്കും ഔട്ട് ഡോര്‍ പരിശീലനവും നല്‍കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷനില്‍ വിവിധ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, കുടുംബശ്രീ കോര്‍ ട്രെയിനിങ്ങ് ടീം അംഗങ്ങള്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഗ്രാമീണ പഠന കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജഗജീവന്‍, കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.ജഹാംഗീര്‍, മുന്‍ പ്രോഗ്രാം ഓഫീസര്‍ പി.കേശവന്‍ നായര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഉപജീവന ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള  മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം മാര്‍ച്ച് ആറു മുതല്‍ ഒമ്പത് വരെ സംഘടിപ്പിക്കും.  വാര്‍ഡ് സഭ, തൊഴിലുറപ്പ് ഉപസമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടുന്ന നാലാമത്തെ ബാച്ചിന്റെ പരിശീലനം മാര്‍ച്ച് 11 മുതല്‍ 14 വരെയും 16 മുതല്‍ 19 വരെ മൈക്രോ ഫിനാന്‍സ് ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനവും സംഘടിപ്പിക്കും.