തൊഴിലരങ്ങത്തേക്ക് – വനിതാ തൊഴിൽമേള ശ്രദ്ധേയമാകുന്നു

വനിതകൾക്ക് മാത്രമായി ഒരു തൊഴിൽമേള. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയിട്ടും ഒരു ജോലി കണ്ടെത്താനും സ്വന്തമായി സമ്പാദിക്കാനും കഴിയാത്ത ലക്ഷക്കണക്കിന് സ്ത്രീകളുടെ ആശയും പ്രതീക്ഷയുമായി മാറുകയാണ് തൊഴിലരങ്ങത്തേക്ക് എന്ന തൊഴിൽമേള.

കുടുംബശ്രീ നടത്തിയ തൊഴിൽ സർവ്വേയിൽ 53 ലക്ഷം തൊഴിലന്വേഷകരെ കണ്ടെത്തിയിരുന്നു. ഇതിൽ 58%വും സ്ത്രീകളുമായിരുന്നു. അതിനാൽ തന്നെയാണ് അഭ്യസ്തവിദ്യരായ വനിതകൾക്ക് പരമാവധി തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന് വേണ്ടി കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ ‘തൊഴിലരങ്ങത്തേക്ക്’ എന്ന ഈ തൊഴിൽ മേള ജില്ലാതലത്തിൽ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 21 വരെ എട്ട് ജില്ലകളിൽ മേള സംഘടിപ്പിച്ചു കഴിഞ്ഞു. ആകെ 5210 സ്ത്രീകൾ പങ്കെടുത്തതിൽ 3504 പേരെ കമ്പനികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. 394 തൊഴിൽദായകരാണ് മേളയിൽ പങ്കെടുത്തത്. ആകെ 8597 അഭിമുഖങ്ങളും നടത്തി. ആലപ്പുഴയിൽ 22ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ സംഘടിപ്പിച്ച തൊഴിലരങ്ങത്തേക്ക് തൊഴിൽമേളയിൽ 417 തൊഴിലന്വേഷകർ പങ്കെടുത്തു. കൊല്ലം (ഫെബ്രുവരി 23), തിരുവനന്തപുരം (24), കണ്ണൂർ (25), വയനാട് (28), പത്തനംതിട്ട (മാർച്ച് 04) ജില്ലകളിൽ വരും ദിവസങ്ങളിൽ മേള നടക്കും.

എങ്ങനെ പങ്കെടുക്കാം –
ഫോണിൽ ഗൂഗിൾ പ്ലേസ്റ്റോർ എടുത്ത് DWMS CONNECT എന്ന് ടൈപ്പ് ചെയ്യുക. കേരള സർക്കാർ, നോളേജ് ഇക്കണോമി മിഷൻ വികസിപ്പിച്ചെടുത്ത DWMS CONNECT എന്ന ആപ്പ് കാണാം. അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കഴിവുകൾ തുടങ്ങിയ വിവരങ്ങൾ നൽകി പ്രൊഫൈലിംഗ് പൂർത്തിയാക്കുക. ആപ്പിൽ ലഭ്യമായിട്ടുള്ള നിങ്ങൾക്കനുയോജ്യമായ തൊഴിലവസരങ്ങൾക്കായി അപേക്ഷിച്ച ശേഷം മേളയിൽ പങ്കെടുക്കുക.

ഇത്തരത്തിൽ നേരത്തേ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനാകാത്തവർക്ക് സ്പോട്ട്  രജിസ്ട്രേഷനും മേളയിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾ ചോദിക്കുവാനും നിങ്ങളുടെ തൊട്ടടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ, കമ്മ്യൂണിറ്റി അംബാസഡറേയോ ബന്ധപ്പെടാവുന്നതാണ്.