ആലപ്പുഴയില്‍ ഐ.ടി. സ്റ്റാര്‍ട്ടപ്പുമായി അയല്‍ക്കൂട്ടാംഗങ്ങള്‍

സേവന സംരംഭ മേഖലയിലാകെ പടര്‍ന്ന് പന്തലിക്കുകയാണ് കുടുംബശ്രീ. ഉത്പാദന മേഖലയിലെ നിരവധി സംരംഭങ്ങള്‍ക്കൊപ്പം ജീവിതശൈലി രോഗ നിര്‍ണ്ണയവും ജെറിയാട്രിക് കെയര്‍ സേവനവുമെല്ലാമേകി സേവനമേഖലയിലും വ്യത്യസ്ത ഇടപെടലുകള്‍ നടത്തുന്ന നമ്മുടെ സ്വന്തം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോഴിതാ ഒരു ഐ.ടി. സ്റ്റാര്‍ട്ടപ്പും ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴയില്‍.

ജില്ലാ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യാട് ഡിവിഷനില്‍ മണ്ണഞ്ചേരിയില്‍ പത്ത് വീതം അയല്‍ക്കൂട്ടാംഗങ്ങള്‍ ഉള്‍പ്പെടുന്ന വുമണ്‍സ് സ്റ്റാര്‍ട്ടപ്പ്, ഷീ ടെക് ഐ.ടി. സൊല്യൂഷന്‍ എന്നീ രണ്ട് യൂണിറ്റുകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, ഐ.ടി. ട്രെയിനിങ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡോക്യുമെന്റേഷന്‍, ഡേറ്റ എന്‍ട്രി, വനിതാ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഈ യൂണിറ്റുകള്‍ മുഖേന ലഭ്യമാകുക.

ആര്യാട് ബ്ലോക്കിലെ മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ഇ- സാക്ഷരത നല്‍കുന്ന ‘സ്മാര്‍ട്ട് വുമണ്‍’ എന്ന പദ്ധതി ഈ യൂണിറ്റുകളിലൂടെ നടപ്പിലാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു ഐ.ടി. ഉപകരണങ്ങള്‍ കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എസ്. സന്തോഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ജി. സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ കെ.ബി. ഷനൂജ, അമ്പിളി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍. റിയാസ്, സ്റ്റാര്‍ട്ടപ്പ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ സോണിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.