10 ദിനം, 10.22 ലക്ഷം രൂപ വിറ്റുവരവ്! അന്താരാഷ്ട്ര നാടകോത്സവത്തിലും ഹിറ്റായി കുടുംബശ്രീ രുചി

തൃശ്ശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യമേള സൂപ്പര്‍ ഹിറ്റ്. പത്ത് ദിവസങ്ങള്‍ കൊണ്ട് നേടിയത് 10.22 ലക്ഷം രൂപയുടെ വിറ്റുവരവ്!

ഫെബ്രുവരി 5 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരുന്നു നാടകോത്സവം. തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലാണ് ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരുന്നത്. തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 12 സ്റ്റാളുകളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആദിവാസി മേഖലയില്‍ നിന്നുമുള്ള തനത് ഭക്ഷണ വിഭവങ്ങളും ഉത്തരാഖണ്ഡ്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളും ലഭ്യമാക്കി. രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഫുഡ്‌കോര്‍ട്ടിന്റെ പ്രവര്‍ത്തനം.

നാടകോത്സവത്തിന്റെ ഭാഗമാകുന്ന വിദേശ സംഘങ്ങള്‍ക്കും സംഘാടകര്‍ക്കുമുള്ള ഭക്ഷണവും കുടുംബശ്രീ യൂണിറ്റുകള്‍ തന്നെയാണ് ഒരുക്കിയത്. ലക്ഷ്യ ജ്യൂസ് എറണാകുളം, കല്യാണി കഫേ തൃശ്ശൂര്‍, സ്വസ്തി കഫേ കാസര്‍ഗോഡ്, എ.വി.എസ് ഫുഡ് ആലപ്പുഴ, വെണ്മ കഫേ യൂണിറ്റ് തലശ്ശേരി, ഐസ്ക്രീം യൂണിറ്റ് കണ്ണൂര്‍, അട്ടപ്പാടി, വി വണ്‍ യൂണിറ്റ് മലപ്പുറം, ശ്രേയസ് കഫേ തൃശ്ശൂര്‍ എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് മേളയുടെ ഭാഗമായത്. കുടുംബശ്രീയുടെ ‘ഐഫ്രം’ (അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) ഫുഡ്‌കോര്‍ട്ടിന്റെ മേല്‍നോട്ടം നിര്‍വഹിച്ചു.