ചേര്‍ത്തല നഗരം ‘ഒപ്പം’ ചേര്‍ന്നു… അതിദരിദ്രര്‍ക്കായി ലഭിച്ചത് 2000ത്തിലേറെ വീട്ടുസാമഗ്രികള്‍!

വാര്‍ഡുതല സര്‍വേയിലൂടെ കണ്ടെത്തിയ അതിദരിദ്ര- അഗതി- ആശ്രയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങള്‍ സമാഹരിക്കുന്നതിന് ചേര്‍ത്തല നഗരസഭയും കുടുംബശ്രീ സി.ഡി.എസും കൈകോര്‍ത്ത് നടത്തിയ ജനകീയ വീട്ടുപകരണ സമാഹരണത്തിന്റെ തുടക്കം വന്‍വിജയം.

കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ് (നഗരം), ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍, നഗരങ്ങളിലെ അതിദരിദ്രര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ഠിത തൊഴിലിലൂടെയോ ഉപജീവന മാര്‍ഗ്ഗവും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനതല ക്യാമ്പയിന്‍ ‘ഒപ്പ’ത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട പ്രവര്‍ത്തനം നഗരസഭ നടത്തിയത്. ഈ ക്യാമ്പയിനിന്റെ ഭാഗമായി  വാര്‍ഡുതലത്തില്‍ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യകത അനുസരിച്ചാണ് ഓരോ വാര്‍ഡിലും സാധനങ്ങള്‍ ശേഖരിച്ചത്.

ഫെബ്രുവരി 11, 12 തീയതികളിലായി ആദ്യഘട്ട സമാഹരണത്തില്‍ ഗ്ലാസ്സും പാത്രങ്ങളും കുക്കറും കട്ടിലും ഉള്‍പ്പെടെ രണ്ടായിരത്തിലധികം വീട്ടുസാമഗ്രികളാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ആയിരത്തോളം കുടുംബങ്ങള്‍ വിവിധ സാമഗ്രികള്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, സി.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് സാധനസാമഗ്രികള്‍ ശേഖരിച്ചത്.

വീടുകളില്‍ ചെന്ന് ഉപകരണങ്ങള്‍ ശേഖരിച്ച്  വാര്‍ഡുതലത്തില്‍ സംഭരിച്ചു. പിന്നീട് ഹരിതകര്‍മ്മസേനയുടെ വാഹനത്തില്‍ ഈ സാധനസാമഗ്രികള്‍ ശേഖരിച്ച് നഗരസഭയില്‍ എത്തിക്കുകയായിരുന്നു. ഒപ്പം ക്യാമ്പയിന്‍ മാര്‍ച്ച് 15 ന് അവസാനിക്കും.