കുടുംബശ്രീ ഉല്പന്നങ്ങള്‍ ഒ.എന്‍.ഡി.സി (ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്‌സ്) പ്ളാറ്റ്ഫോമിൽ

അടുത്ത സാമ്പത്തിക വര്‍ഷം ഒ.എന്‍.ഡി.സി പ്ളാറ്റ്ഫോമില്‍ 700 ഉൽപ്പന്നങ്ങൾ കുടുംബശ്രീ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഒ.എന്‍.ഡി.സി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 2ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ ഓണ്‍ലൈനായി മില്ലറ്റ് പൗഡര്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണിത്.

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാകുന്നതിനും വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെയും ഭാഗമായുളള ഈ തുടക്കം ഒരു നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കുടുംബശ്രീയുടെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്നും വരുമാന വർദ്ധനവ് എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ലോകത്ത് മദ്ധ്യവര്‍ഗ വരുമാനമുള്ള രാജ്യങ്ങളുടെ ശ്രേണിയിലേക്ക് കേരളത്തെ എത്തിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന രീതിയിലാണ് കേരളത്തിലെ സ്ത്രീജീവിതത്തെ അടയാളപ്പെടുത്താന്‍ കഴിയുക. കുടുംബശ്രീ മുഖേന ലഭിച്ച സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ശാക്തീകരണത്തിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ദൃശ്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സ്വയംപര്യാപ്ത നേടാന്‍ സംരംഭകത്വം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പില്‍ അംഗങ്ങളും വിദ്യാസമ്പന്നരുമായ മൂന്നു ലക്ഷം വനിതകളെ കൂടി നൂതനമായ സംരംഭ മേഖലയിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. വി.കെ പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ്. കൃതജ്ഞത അറിയിച്ചു. ഒ.എന്‍.ഡി.സി വൈസ് പ്രസിഡന്‍റ് നിതിന്‍ നായര്‍, സെല്‍മെട്രിക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ദിലീപ് വാമനന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത സംരംഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്. ഒ.എന്‍.ഡി.സി പ്ളാറ്റ്ഫോമില്‍ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ലോഞ്ച് എന്നിവ സംബന്ധിച്ച് സിമ്പോസിയം സംഘടിപ്പിച്ചു.