‘ഇതള്‍’ ബ്രാന്‍ഡിലിറങ്ങും തിരുവനന്തപുരത്തെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍

ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയാറാക്കുന്ന ഉത്പന്നങ്ങള്‍ ‘ഇതള്‍’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കുടുംബശ്രീ തിരുനവന്തപുരം ജില്ലാ മിഷന്‍. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാര്‍ച്ച് ഒന്നിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസും ചേര്‍ന്ന് ‘ഇതള്‍’ ബ്രാന്‍ഡിന്റെ പ്രകാശനം നിര്‍വഹിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ റിയ സിങ് ഐ.എ.എസ്, കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. നജീബ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ എ.ജെ, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ സിന്ധു. വി, അരുണ്‍ പി. രാജന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ജസീല്‍ എന്നിവര്‍ സന്നിഹിതരായി.

ജില്ലയിലെ 14 ബഡ്‌സ് സ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നോട്ട്പാഡ്, ഓഫീസ് ഫയല്‍, വിത്തുപേന, തുണി സഞ്ചി, പേപ്പര്‍ സഞ്ചി എന്നിവയാണ് ‘ഇതള്‍’ ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. ഇതിനായി രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.