ആരോഗ്യത്തിന്റെ കോര്‍ട്ടിലേക്ക് ഇടുക്കിയിലെ ബാലസഭാ കുട്ടികളുടെ സ്മാഷ്

ബാലസഭാംഗങ്ങളായ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ബാഡ്മിന്റണ്‍ പരിശീലനവുമായി കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍. ജില്ലയിലെ എട്ട് ബ്ലോക്കുകളിലുമുള്ള കുട്ടികളെയാണ് ബാഡ്മിന്റണ്‍ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുന്നത്.

സ്‌കൂള്‍ പഠനത്തെ ബാധിക്കാത്ത തരത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഈ പരിശീലന പരിപാടിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. ബാഡ്മിന്റണ്‍ അസോസിയേഷനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 210 കുട്ടികളാണ് ഇപ്പോള്‍ ഒന്നാംഘട്ട പരിശീലനം നേടിവരുന്നത്.

അയ്യപ്പന്‍കോവില്‍ (കട്ടപ്പന), അടിമാലി (അടിമാലി), വട്ടവട (ദേവികുളം), വാത്തിക്കുടി (ഇടുക്കി), നെടുങ്കണ്ടം (നെടുങ്കണ്ടം), വണ്ടിപ്പെരിയാര്‍ (അഴുത), തൊടുപുഴ (തൊടുപുഴ), വണ്ണപ്പുറം (ഇളംദേശം) എന്നിവിടങ്ങളിലെ മികച്ച നിലവാരമുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കിവരുന്നത്. ഒന്നാംഘട്ട പരിശീലനം മാര്‍ച്ച് ആദ്യവാരം അവസാനിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ മൊബൈല്‍ ഉപയോഗം കുറഞ്ഞതും കൂടുതല്‍ കൃത്യനിഷ്ഠ വന്നതുമെല്ലാം പദ്ധതി വിജയകരമാകുന്നതിന്റെ തെളിവായി ജില്ലാ മിഷന്‍ കണക്കാക്കുന്നു.

പരിശീലനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കു വേണ്ടി ജില്ലാതല ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇടുക്കി ജില്ലാ മിഷന്‍.