ആലപ്പുഴയിലും എത്തി ‘കുടുംബശ്രീ കേരള ചിക്കൻ’

കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ആലപ്പുഴ ജില്ലയിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച്‌ 7 ന് ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് കഞ്ഞിക്കുഴി പി.പി സ്വതന്ത്ര സ്മാരക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ചു. ഇതോടെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതി ഒമ്പത് ജില്ലകളിലായി.

മിതമായ നിരക്കിൽ ഗുണമേന്മയുള്ള കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമുള്ള കേരള ചിക്കൻ പദ്ധതി കുടുംബശ്രീ പ്രാവർത്തികമാക്കുന്നത് കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനി വഴിയാണ്.

ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി.

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. പ്രശാന്ത് ബാബു. ജെ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണതേജ ഐ.എ.എസ് വിശിഷ്ടാതിഥിയായി. ആശംസകൾ അർപ്പിച്ച് സംസാരിച്ച അദ്ദേഹം കഞ്ഞിക്കുഴി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീയ്ക്ക് കീഴിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ഫലകം നൽകി ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. കേരള ചിക്കൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. സജീവ് കുമാർ വിശദമാക്കി.

സബ് കളക്ടർ ശ്രീ. സൂരജ് ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി. ഉത്തമൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷേർലി ഭാർഗവൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുദർശന ഭായി ടീച്ചർ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് ചുങ്കത്തറ തുടങ്ങിയവർ ആശംസകൾ നേർന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ശ്രീ. സേവ്യർ കെ.വി നന്ദി അറിയിച്ചു.