ലിംഗസമത്വമെന്ന ആശയത്തിനൊപ്പം മാലിന്യ വിമുക്ത കേരളത്തിനായി അണി നിരന്നു കൊണ്ട് കുടുംബശ്രീയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം. ആഘോഷ പരിപാടികളോടനുബന്ധിച്ച് തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരത്തി അഞ്ഞൂറിലേറെ കുടുംബശ്രീ വനിതകളെ സാക്ഷിനിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഹരിതകര്‍മസേനാ സംഗമത്തിന്‍റെയും സ്ത്രീകള്‍ക്കുള്ള കരാട്ടേ പരിശീലനത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.
ഹരിതകര്‍മസേന എന്ന സംവിധാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ മാലിന്യ വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനത്തിന് കുടുംബശ്രീ നല്‍കിയ ഏറ്റവും മികച്ച സംഭാവനയാണ് ഹരിതകര്‍മസേനകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇരുപത്തി എണ്ണായിരത്തോളം വരുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം നീക്കം ചെയ്തത് അയ്യായിരം ടണ്‍ പ്ളാസ്റ്റിക് മാലിന്യമാണ്. വാതില്‍പ്പടി ശേഖരണത്തിന് ഏറ്റവും മികച്ച സംവിധാനമാണ് ഹരിതകര്‍മസേനകള്‍. സര്‍ക്കാരിന്‍റെ മാലിന്യ വിമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് ഹരിതകര്‍മസേനയുടെ സേവനം വളരെ വിലപ്പെട്ടതാണ്. കേരളത്തിന്‍റെ ശുചിത്വസൈന്യമാണ് ഹരിതകര്‍മസേനകള്‍. വനിതാദിനത്തില്‍ തുടക്കമിടുന്ന ‘ധീരം’ എന്ന പുതിയ കരാട്ടെ പരിശീലന പദ്ധതി സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമാകും. നാന്നൂറ്റി ഇരുപത് വനിതകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി കരാട്ടെയില്‍ വിദഗ്ധ പരിശീലനം നല്‍കിയ ശേഷം സൂക്ഷ്മ സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന സംഘങ്ങള്‍ രൂപീകരിക്കും. വനിതകള്‍ക്ക് ആയോധന കലയില്‍ പരിശീലനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത് ഏറ്റവും അനുയോജ്യമായ ദിനത്തിലാണെന്നും മന്ത്രി പറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ഹരിതകര്‍മസേനകള്‍ക്ക് നല്‍കുന്ന ഇ-റിക്ഷകളുടെ താക്കോല്‍ കൈമാറലും ഫ്ളാഗ് ഓഫും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
സ്ത്രീകളുടെ നേട്ടത്തെ ആദരിക്കുകയും അതോടൊപ്പം ലിംഗസമത്വത്തെ കുറിച്ച് അവബോധം വളര്‍ത്തുകയുമാണ് വനിതാ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും മുന്നേറാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ലിംഗസമത്വം, തുല്യ അവകാശം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നാം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ലിംഗസമത്വവും സ്ത്രീശാക്തീകരണവും നേടുന്നതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ ഇന്ന് ലോകശ്രദ്ധ നേടുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനിതാദിനാചരണം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, സംരംഭകത്വം എന്നിവയില്‍ കേരള വനിതകള്‍ ഏറെ മുന്നിലാണ്. സ്ത്രീകളുടെ ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാനും അപകട സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ഏറ്റവും മികച്ച മാര്‍ഗം ആയോധനകലകള്‍ പഠിക്കുക എന്നതാണെന്നും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘ധീരം’ പദ്ധതി കുടുംബശ്രീ വനിതകള്‍ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചു നല്‍കുന്ന ഇ-റിക്ഷകളുടെ താക്കോല്‍ വിതരണം മന്ത്രി എം.ബി രാജേഷ്, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ സോണല്‍ മേധാവിമാരായ ബി.കെ വെങ്കിടേഷ്, ആതിര കണ്ണന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഹരിതകര്‍മസേനകള്‍ക്കും അവര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്കാര വിതരണം, ‘ധീരം’ പദ്ധതിയുടെ ലോഗോ പ്രകാശനം, കരാട്ടേ പരിശീലന ധാരണാ പത്രം കൈമാറല്‍, കരാട്ടേ പരിശീലനാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം എന്നിവ മന്ത്രിമാരായ എം.ബി രാജേഷ്, വി.അബ്ദു റഹിമാന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. ലേബര്‍ കമ്മീഷണര്‍ ഡോ. കെ.വാസുകി ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി മോട്ടിവേഷണല്‍ ക്ളാസ് നടത്തി. ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഹരിതകര്‍മസേനാംഗങ്ങളെ ഉള്‍പ്പെടുത്തി ടോക് ഷോ സംഘടിപ്പിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രിയാപോള്‍ മോഡറേറ്ററായി. ഹരിതകര്‍മസേനയും സംരംഭ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റ് എന്‍.ജഗജീവന്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത് കൃതജ്ഞത പറഞ്ഞു.
ഗുരുവായൂര്‍ നഗരസഭാദ്ധ്യക്ഷന്‍ എം.കൃഷ്ണ ദാസ്, ഏലൂര്‍ നഗരസഭാദ്ധ്യക്ഷന്‍ സുജിന്‍, സി.ഡി.എസ് അദ്ധ്യക്ഷമാരായ വിനിത.പി, സിന്ധു ശശികുമാര്‍, സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കുടുംബശ്രീ ഡയറക്ടര്‍ അനില്‍ പി.ആന്‍റണി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജയ് കുമാര്‍, കുടുംബശ്രീ സംസ്ഥാന, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.