സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, മക്കളെപ്പോറ്റി, കരിന്താള്‍, വെളുന്താള്‍, കരിമഞ്ഞള്‍ എന്നിങ്ങനെ ഏറെ വ്യത്യസ്തമായ കിഴങ്ങുവര്‍ഗ്ഗങ്ങളുടെയും ഇലച്ചെടികളുടെയും പ്രദര്‍ശനവും വിപണനവും തലസ്ഥാനത്തൊരുക്കി നൂറാങ്ക് ഗ്രൂപ്പ്. വയനാട്ടിലെ തിരുനെല്ലിയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീ കൂട്ടായ്മകളിലെ പത്തോളം സ്ത്രീകള്‍ ചേര്‍ന്ന് രൂപീകരിച്ച ഗ്രൂപ്പാണ് നൂറാങ്ക്.
ഗോത്രവിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ സ്ഥിരസ്ഥാനമുണ്ടായിരുന്ന കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും പുതുതലമുറയ്ക്ക് കിഴങ്ങുവര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നത്. ഇവർ നടത്തിയ കിഴങ്ങ് കൃഷിയുടെ ഭാഗമായി 130 കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിളവെടുപ്പ് ഫെബ്രുവരി നാലിനും നടത്തിയിരുന്നു.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ തിരുവനന്തപുരം പുത്തരിക്കണ്ടത് സംഘടിപ്പിച്ച വൈഗ കാര്‍ഷിക പ്രദര്‍ശന മേളയുടെ ഭാഗമാകുകയായിരുന്നു നൂറാങ്ക് ടീം. പൈതൃകം എന്ന് പേരിട്ട സ്റ്റാളില്‍ അരിയും തേനും ഉള്‍പ്പെടെ 180ല്‍ പരം പ്രദര്‍ശന വസ്തുക്കൾ നൂറാങ്ക് ടീം ഒരുക്കിയിരുന്നു. സുനിത, റാണി, ലക്ഷ്മി, ശാരദ, അനീഷ്, സത്യഭാമ എന്നിവര്‍ ചേര്‍ന്നാണ് തിരുനെല്ലിയില്‍ നിന്ന് ‘നൂറാങ്ക്’ ഖ്യാതി തിരുനന്തപുരത്ത് എത്തിച്ചത്.