‘രചന’യിലൂടെ കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തും അഞ്ച് ലക്ഷത്തിലേറെ കുടുംബശ്രീ വനിതകള്‍

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും സംബന്ധിച്ച ചരിത്രം രേഖപ്പെടുത്തുന്ന ‘രചന’ പരിപാടിയുടെ ഉദ്ഘാടനം മാര്‍ച്ച് 17ന്‌ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിച്ചു. കുടുംബശ്രീയുടെ തുടക്കം മുതല്‍  ഇതുവരെയുള്ള സി.ഡി.എസ് പ്രവര്‍ത്തകരായ അഞ്ച് ലക്ഷത്തിലേറെ വനിതകള്‍ ഒരുമിക്കുന്ന പങ്കാളിത്ത രചനയിലൂടെയാണ് ‘രചന’ എന്ന ഈ പരിപാടിയിലൂടെ കുടുംബശ്രീയുടെ രജതചരിത്രം രേഖയാക്കുന്നത്. കുടുംബശ്രീയുടെ കരുത്തില്‍ സമൂഹത്തില്‍ സ്വന്തം ഇടംകണ്ടെത്തിയവരും സ്വയംപര്യാപ്തത നേടിയവരുമാണ് കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമെഴുതുന്നത്. ‘സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ രചിക്കപ്പെടുന്ന ചരിത്രം’ എന്ന വിശേഷണവും രചനയ്ക്ക് നല്‍കാം.

ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണ ചടങ്ങിലാണ് ‘രചന’ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാഷ്ട്രപതി നിര്‍വഹിച്ചത്. കേരളത്തില്‍  സ്ത്രീകള്‍  കൂടുതല്‍  വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തില്‍ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കുടുംബശ്രീ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലും ജനുവരി 26ന് സംഘടിപ്പിച്ച ‘ചുവട്’ അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയങ്ങളും കൈവരിച്ച നേട്ടങ്ങളും ക്രോഡീകരിച്ച് കുടുംബശ്രീയുടെ നാളെ എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള ‘ചുവട്’, കുടുംബശ്രീ മുഖേന ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തെരഞ്ഞെടുത്ത 53 പേരുടെ അനുഭവ സാക്ഷ്യങ്ങളടങ്ങിയ ‘കുടുംബശ്രീ @25’ എന്നീ പുസ്തകങ്ങള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഏറ്റുവാങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റര്‍ അജു വരച്ച രാഷ്ട്രപതിയുടെ ചിത്രം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷും തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഉപഹാരം മേയര്‍ ശ്രീമതി ആര്യാരാജേന്ദ്രനും സമ്മാനിച്ചു.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കല്‍ എന്‍ജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും ചടങ്ങില്‍ രാഷ്ട്രപതി നിര്‍വഹിച്ചു. നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍, പട്ടികജാതി, പട്ടിവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍, ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

‘പ്രാദേശിക സാമ്പത്തിക വികസനത്തില്‍ സ്ത്രീ കൂട്ടായ്മയുടെ പങ്ക്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും പ്രശസ്ത ഗായിക ഗായത്രി അശോകിന്റെ ഗസല്‍ സന്ധ്യയും ചടങ്ങിനെത്തുടര്‍ന്ന് നടന്നു.