അയല്‍ക്കൂട്ടാംഗങ്ങളുടെ ഒത്തൊരുമയും കൂട്ടായ്മയും പകരുന്ന സംഘശക്തിയാണ് കുടുംബശ്രീയുടെ ചാലകശക്തി. നാട്ടിലെ പൊതുപ്രശ്നങ്ങളിലിടപെടാനും ആവശ്യക്കാരിലേക്ക് കരുതലും സ്നേഹവും ചൊരിയാനും എന്നും മുന്നിലുണ്ട് അയല്‍ക്കൂട്ടാംഗങ്ങള്‍.
ഇത്തരത്തിലൊരു ഇടപെടലിന്റെ കഥയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് വരിച്ചത്തോട് രാധയ്ക്ക് പറയാനുള്ളത്. ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയ്ക്ക് കീഴില്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന രാധയുടെ സ്വപ്നം സഫലമാക്കി നല്‍കിയിരിക്കുകയാണ് കോടഞ്ചേരി കുടുംബശ്രീ സി.ഡി.എസ്.
21 എ.ഡി.എസുകളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹര്‍ക്ക് തലചായ്ക്കാനൊരിടം തയാറാക്കി നല്‍കുന്ന കുടുംബശ്രീ ‘സ്നേഹവീട്’ പദ്ധതിയുടെ രണ്ടാമത്തെ ഗുണഭോക്താവായി രാധയെ തെരഞ്ഞെടുക്കുന്നത്. ചിപ്പിലിത്തോട് എ.ഡി.എസിലെ സൗഭാഗ്യ അയല്‍ക്കൂട്ടാംഗമായ രാധയുടെ വീടിന് വേണ്ടി അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് പിരിച്ചുകിട്ടിയത് മൂന്ന് ലക്ഷം രൂപയാണ്. കൂടാതെ പ്രദേശവാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായവും ഉപയോഗപ്പെടുത്തി.
2020 ല്‍ കരിമ്പലാകുന്ന് എ.ഡി.എസിന് കീഴിലുള്ള അയല്‍ക്കൂട്ടാംഗമായ ആയിഷയ്ക്കും കോടഞ്ചേരി സി.ഡി.എസ് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.
മാര്‍ച്ച് പത്തിന് നടന്ന ചടങ്ങില്‍ തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് വീടിന്റെ താക്കോല്‍ രാധയ്ക്ക് കൈമാറി. കോടഞ്ചേരി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നിഷ റെജി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, സി.ഡി.എസ് – എ.ഡി.എസ് അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജേഷ് ടി.ടി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അക്കൗണ്ടന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.