‘ധീരം’ – കരാട്ടേ മാസ്റ്റര്‍ പരിശീലകരായി 28 കുടുംബശ്രീ വനിതകള്‍

സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ പുറത്തിറങ്ങി. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ‘ധീരം’ പദ്ധതിയുടെ ഭാഗമായാണിത്.

 പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടിയാണ് ഏപ്രില്‍ ഒന്നിന്
പൂര്‍ത്തിയായത്‌. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേര്‍ വീതം ആകെ 28 പേരാണ് ഇതില്‍ പങ്കെടുത്തത്‌.
ഇവര്‍ക്ക് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം ലഭ്യമാക്കി. കരാട്ടെയ്ക്കൊപ്പം ജിം പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് ‘ധീരം’. ഏപ്രില്‍ മൂന്നാം വാരത്തില്‍ രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമിടും. ഇത് ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഇതിന്‍റെ ഭാഗമായി മാസ്റ്റര്‍ പരിശീലകര്‍ മുഖേന ഓരോ ജില്ലയിലും 30 വനിതകള്‍ക്ക് വീതം ആകെ 420 പേര്‍ക്ക് കരാട്ടെയില്‍ പരിശീലനം ലഭ്യമാക്കും. ഇപ്രകാരം ജില്ലാതലത്തില്‍ പരിശീലനം നേടിയ വനിതകളെ ഉള്‍പ്പെടുത്തി സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ മൂന്നാം ഘട്ടം. ഇവര്‍ മുഖേന സ്കൂള്‍, കോളേജ്, റസിഡന്‍റ്സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെയില്‍ പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലാതലത്തില്‍ മാസ്റ്റര്‍ പരിശീലകര്‍ക്ക് 10,000 രൂപ ഓണറേറിയം നല്‍കും.  

സ്ത്രീകളെ സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പ്രാപ്തരാക്കുന്നതോടൊപ്പം സംരംഭ മാതൃകയില്‍ കരാട്ടെ പരിശീലന ഗ്രൂപ്പുകള്‍ രൂപീകരിച്ചു കൊണ്ട് വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.  പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കൊല്ലം ജില്ലയില്‍ നിന്നുള്ള കരാട്ടെ പരിശീലനാര്‍ത്ഥി രേണു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു.വി. പദ്ധതി വിശദീകരണം നടത്തി. സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സീമ എ.എന്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രാജീവ്.ആര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീബാല അജിത്ത്, പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവരുടെ കരാട്ടേ പ്രദര്‍ശനവും നടത്തി.