എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തിലെ മികവ്- ദേശീയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ തുടര്‍ച്ചയായ ആറാം തവണയും അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിനു വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2022-23ലെ ‘സ്പാര്‍ക്ക്’ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി.

2021-22ലെ സ്പാര്‍ക്ക് റാങ്കിങ്ങ് അവാര്‍ഡ് കഴിഞ്ഞ മാസമാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ പെര്‍ഫോമന്‍സ് അസ്സസ്മെന്‍റ് പൂര്‍ത്തിയാക്കി  റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ പത്തു ദിവസത്തെ ഇടവേളയില്‍ ലഭിക്കുകയായിരുന്നു.  

രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ദേശീയതലത്തില്‍ മികവ് പുലര്‍ത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവര്‍ഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 2019-20, 2017-18 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. സംസ്ഥാനത്ത്  കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.  

എന്‍.യു.എല്‍.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കര്‍ഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാര്‍ക് റാങ്കിങ്ങ് നല്‍കുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ കീഴില്‍ കണ്ണിചേര്‍ക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തൊഴില്‍ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാന്‍ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തല്‍. കൂടാതെ അഗതികള്‍ക്കു വേണ്ടി ഷെല്‍ട്ടര്‍ ഹോമുകള്‍, തെരുവു കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ ഇതുവരെ 24,893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24,860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതില്‍ 21,576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13,736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗതസംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47,378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10,000 രൂപ വീതം 41,604 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25,684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19,020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.