‘ശുചിത്വോത്സവം’ സംസ്ഥാനതല ക്യാമ്പയിൻ – 3.9 ലക്ഷം ബാലസഭാംഗങ്ങള്‍ ശുചിത്വസന്ദേശപ്രചരണത്തിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ശക്തമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഈ മാസം 22 മുതല്‍ ‘ശുചിത്വോത്സവം’ സംസ്ഥാനതല ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന  വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 28,387 ബാലസഭകളിലെ 3.9 ലക്ഷം അംഗങ്ങള്‍ ശുചിത്വസന്ദേശ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങും. ക്യാമ്പയിനുമായി ബന്ധപ്പെട്ട സംസ്ഥാനതല മോഡ്യൂള്‍ നിര്‍മാണ ശില്‍പശാല തിരുവനന്തപുരത്ത് ആരംഭിച്ചു.

ശുചിത്വസന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ  സംഘടിപ്പിക്കുന്നത്.  ക്യാമ്പയിനിന്റെ ഭാഗമായി ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് കുടുംബശ്രീ മുഖേന നല്‍കുന്ന ഗ്രീന്‍കാര്‍ഡില്‍ ഓരോ കുട്ടിയും സ്വന്തം വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തും. കൂടാതെ ജൈവ, അജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങളുടെ കണക്കും ശേഖരിക്കും. ഓരോ ബാലസഭാംഗത്തിന്‍റെയും വീട്ടില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ തോത് ക്രമാനുഗതമായി കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിൻ ആരംഭിച്ചതിനു ശേഷം വീടുകളില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കുന്ന ബാലസഭാംഗങ്ങള്‍ക്ക് ക്രെഡിറ്റ് പോയിന്‍റും നല്‍കും. ശ്രദ്ധേയമായ അളവില്‍ മാലിന്യത്തിന്‍റെ തോത് കുറയ്ക്കാന്‍ കഴിയുന്ന ബാലസഭകള്‍ക്ക് ബാലലൈബ്രറി തുടങ്ങാനുള്ള ധനസഹായവും ലഭിക്കും.

ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് ലോകപരിസ്ഥിതിദിനത്തില്‍ ഫലവൃക്ഷത്തൈ നടലും തുടര്‍പരിപാലനവും, പ്രാദേശികമായി നടപ്പാക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മഴക്കാലപൂര്‍വ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച അവബോധം നല്‍കുന്നതിനുള്ള ഗൃഹസന്ദര്‍ശനം, പോസ്റ്റര്‍ നിര്‍മാണം, പക്ഷി നിരീക്ഷണം, വാനനിരീക്ഷണം എന്നിവയ്ക്കും അവസരമുണ്ട്. സംസ്ഥാനമൊട്ടാകെ വീടുകളില്‍ പക്ഷികള്‍ക്ക് വെളളമൊരുക്കാനുളള കേന്ദ്രങ്ങളുമൊരുക്കും. ഇതോടൊപ്പം കുട്ടികള്‍ക്ക് അവരുടെ സര്‍ഗശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന മികച്ച അവസരമായും ശുചിത്വോത്സവം മാറും. ഇതിന്‍റെ ഭാഗമായി സാഹിത്യക്യാമ്പുകള്‍, രചനാ ശില്‍പശാലകള്‍, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.  ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് എല്ലാ സി.ഡി,എസുകളിലും പരിസ്ഥിതി സംരക്ഷണ സംഗമവും നടത്തുന്നുണ്ട്.  ക്യാമ്പയിൻ സമാപിക്കുമ്പോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കുട്ടികള്‍ക്കും ബാലസഭകള്‍ക്കും അവാര്‍ഡ് നല്‍കും.
ക്യാമ്പയിനിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.