സിംഗിള്‍ മദര്‍ ഫോറവുമായി തൃശ്ശൂര്‍

രോഗമോ അപകടമോ മൂലം കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് മക്കളുടെ അച്ഛനെ നഷ്ടപ്പെടുന്ന അമ്മമാര്‍ അല്ലെങ്കില്‍ ഉദരത്തില്‍ പിറവി കൊള്ളുന്ന കുഞ്ഞിന്റെ പൂര്‍ണ്ണ ചുമതല സ്വയമേറ്റുവാങ്ങേണ്ടി വന്നവര്‍. ജീവിതത്തില്‍ ഒരു തുണ കൂടെയില്ലാതായിപ്പോകുന്ന, അങ്ങനെയുള്ള അമ്മമാരുടെ ഒറ്റപ്പെടലിലേക്ക് കൂട്ടായ്മയുടെ സ്നേഹം വിതറുകയാണ് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്‍ സിംഗിള്‍ മദര്‍ ഫോറമെന്ന ആശയത്തിലൂടെ.

മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ഈ ആശയം ജില്ല ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നത്. വിധവകളോ അവിവാഹിതരോ ആയ ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കൂട്ടായ്മയാണ് സിംഗിള്‍ മദര്‍ ഫോറം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാരെയാണ് ഈ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ കുഴൂര്‍, മുല്ലശ്ശേരി, പെരിഞ്ഞാനം, കടുകുറ്റി, അരിമ്പൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച സിംഗിള്‍ മദര്‍ ഫോറങ്ങളില്‍ നൂറോളം അമ്മമാരാണ് പങ്കെടുത്തത്. ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍, ബുദ്ധിമുട്ടുകള്‍, അവഗണനകള്‍ എല്ലാം അവര്‍ ഫോറത്തില്‍ പങ്കുവച്ചു.

ഈ അമ്മമാര്‍ക്ക് മാനസിക പിന്തുണ നല്‍കുക, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉപജീവ ന അവസരം നല്‍കുക, കുട്ടികള്‍ക്ക് പഠനത്തിന് ശേഷം ജോലി സംബന്ധമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുക, നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുക, ഒറ്റയ്ക്കും കൂട്ടായും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണയേകുക, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തുകയും അതിന്റെ ഗുണഫലം നേടിക്കൊടുക്കുകയും ചെയ്യുക, സ്നേഹിത, ജി.ആര്‍.സി എന്നിവയുടെ സേവനങ്ങളെ പരിചയപ്പെടുത്തുക എന്നിങ്ങനെ നീളുന്നു സിംഗിള്‍ മദര്‍ ഫോറത്തിന്റെ ലക്ഷ്യങ്ങള്‍.

പഞ്ചായത്തിന്റെ പിന്തുണയോടെ വനിതാ ഘടകപദ്ധതിയില്‍ ഇവര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സിംഗിള്‍ മദര്‍ ഫോറം രൂപീകരിക്കുകയെന്ന ലക്ഷ്യമാണ് തൃശ്ശൂരിനുള്ളത്. ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാക്കിയ ജില്ലയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും.