75000 രൂപയുടെ പരിചരണ ഉപകരണങ്ങള്‍ കൈമാറി പുല്ലൂര്‍ പെരിയ സി.ഡി.എസ്‌

നമ്മുടെ സമൂഹത്തില്‍ ഏത് അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ക്കും ആശയും ആശ്രയവുമാകുന്ന സംഘശക്തിയാണ് കുടുംബശ്രീയെന്നതിന് മറ്റൊരു ഉദാഹരണം കൂടി ഇതാ. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ കുടുംബശ്രീ സി.ഡി.എസ്, കിടപ്പുരോഗികളുടെ പരിചരണത്തിനായി വാങ്ങി നല്‍കിയത് 75,000 രൂപയുടെ പരിചരണ ഉപകരണങ്ങള്‍!.

ഈ വര്‍ഷത്തെ ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോട് അനുബന്ധിച്ച് കുടുംബശ്രീ കൂടി ഭാഗമാകുന്ന ‘ഞാനുമുണ്ട് പരിചരണത്തിന്’ സംസ്ഥാനതല ക്യാമ്പെയിനോട് അനുബന്ധിച്ചായിരുന്നു സി.ഡി.എസിന്റെ മാതൃകാപരമായ ഈ പ്രവര്‍ത്തനം.

വീല്‍ചെയര്‍, എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, വാക്കര്‍ എന്നീ ഉപകരണങ്ങളാണ് സി.ഡി.എസ് വാങ്ങി നല്‍കിയത്. സി.ഡി.എസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പെരിയ പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ കെ. സുനിത, അസിസ്റ്റന്റ് സെക്രട്ടറി കെ. സുദേവന്‍ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് എം. കാര്‍ത്ത്യായനി അധ്യക്ഷയായ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി കരിയന്‍, പി. രജനി, എ.വി. കുഞ്ഞമ്പു, എം.വി. നാരായണന്‍, ലത രാഘവന്‍, കെ. പ്രീതി, പഞ്ചായത്ത് സെക്രട്ടറി സി. പ്രദീപ്കുമാര്‍ എന്നിവരും പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വി.വി. സുനിത സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ പി.സി.ഗിരിജ നന്ദിയും പറഞ്ഞു.