എൻ.യു.എൽ.എം

ദീൻ ദയാൽ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന മിഷൻ

കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കുടുംബശ്രീ, നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ ഏറ്റെടുത്ത് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷൻ.  കേരളത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കി തുടങ്ങിയത്  2015 മെയ് മാസം മുതലാണ്.  ആദ്യ ഘട്ടത്തിൽ 14 നഗരങ്ങളിൽ നടപ്പിലാക്കിയിരുന്ന പദ്ധതി 2016 നവംബർ 1 മുതൽ കേരളത്തിലെ മുഴുവൻ നഗരസഭകളിലേയ്ക്കും വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു.  
പ്രധാനമായും 7 ഘടകങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

1.സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും
നഗര പ്രദേശങ്ങളിലെ ദരിദ്രരെ (വാർഷിക വരുമാനം അൻപതിനായിരമോ അതിൽ താഴെയുള്ള കുടുംബങ്ങൾ) അവരുടേതായ കൂട്ടായ്മകൾ (അയൽക്കൂട്ടങ്ങൾ) രൂപീകരിച്ച് ശാക്തീകരിക്കുകയാണ്  ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്.  പ്രവർത്തനക്ഷമമല്ലാത്ത അയൽക്കൂട്ടങ്ങളെ കണ്ടെത്തി അവയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. അയൽക്കൂട്ടങ്ങൾക്ക് 10,000 രൂപയും എ.ഡി.എസ്സുകൾക്ക്  50,000 രൂപയും ഈ പദ്ധതി പ്രകാരം റിവോൾവിംഗ് ഫണ്ടായി നൽകുന്നു. നഗര ഉപജീവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വരെയും നഗരസഭകൾക്ക് നൽകുന്നു.  

2.കാര്യശേഷി വികസനവും പരിശീലനവും
സംസ്ഥാനത്തെയും നഗരങ്ങളിലെയും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പരിശീലനവും കാര്യശേഷി വികസനവുമാണ്  ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

3.നൈപുണ്യ പരിശീലനവും തൊഴിലവസരങ്ങൾ ഉറപ്പിക്കലും
സ്വയം തൊഴിൽ ചെയ്യുവാനും ശമ്പളാടിസ്ഥാനത്തിൽ ജോലി ലഭിക്കുന്നതിനുമുള്ള സാദ്ധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമായി നഗരങ്ങളിലെ പാവപ്പെട്ടവരുടെ തൊഴിൽ വൈദഗ്ധ്യം ഉയർത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവരിൽ 70 % പേർക്കും തൊഴിൽ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.  
 
4.സ്വയംതൊഴിൽ പദ്ധതി
നഗരങ്ങളിലെ ദരിദ്രർക്ക് അവരുടെ നൈപുണ്യത്തിനും ലഭിച്ചിരിക്കുന്ന പരിശീലനത്തിനും വാസനയ്ക്കും പ്രാദേശിക പരിസ്ഥിതിക്കും അനുയോജ്യമായ വിധത്തിൽ ഒറ്റയ്ക്കും കൂട്ടായും ഉള്ള സ്വയംതൊഴിൽ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഈ ഘടകം ഊന്നൽ നൽകുന്നത്. ലഭ്യമാക്കുന്ന വായ്പകൾക്ക്  7% ൽ അധികം വരുന്ന പലിശ തുക പദ്ധതിയിൽ നിന്നും ഗുണഭോക്താക്കൾക്ക് പലിശയിളവായി നൽകുന്നു.  

5.നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്കുള്ള സഹായ പദ്ധതികൾ
തെരുവ് കച്ചവടക്കാരുടെ തൊഴിൽ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ, അവർക്കുവേണ്ടിയുള്ള പരിശീലനങ്ങൾ നൽകുക, സൂക്ഷ്മസംരംഭങ്ങളുടെ വികസനം, തെരുവ് വ്യാപാരത്തിനനുകൂലമായ നഗരാസൂത്രണം, തെരുവ് കച്ചവടക്കാരുടെ രജിസ്ട്രേഷൻ, അവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.  തെരുവ് കച്ചവടക്കാർക്കിടയിലെ ദുർബല വിഭാഗങ്ങളായ സ്ത്രീകൾ, പട്ടിക ജാതിക്കാർ, പട്ടിക വർഗ്ഗക്കാർ, ന്യൂനപക്ഷം എന്നീ വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ, സംവിധാനങ്ങൾക്കുള്ള സഹായങ്ങൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.  ഈ സാമ്പത്തിക വർഷം 5,000 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

6.നഗരങ്ങളിൽ ഭവനരഹിതർക്കുള്ള അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കൽ
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം നഗരത്തിലെ ഭവനരഹിതരായ പാവപ്പെട്ടവർക്ക് അന്തിയുറങ്ങാൻ അഭയ കേന്ദ്രങ്ങളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതോടൊപ്പം ഇവരെ സാമൂഹ്യ-സുരക്ഷാപദ്ധതികളിൽ കണ്ണിചേർക്കുകയും ചെയ്യും. പുതിയ കേന്ദ്രങ്ങൾ നിർമ്മിക്കുവാനും പഴയത് പുനരുദ്ധരിക്കുന്നതിനും വേണ്ട സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. നഗരസഭകൾക്ക് 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പദ്ധതി പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

7.നൂതന ആശയ-സവിശേഷ പദ്ധതികൾ

നൂതന ആശയങ്ങളോടു കൂടിയ പുത്തൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനാണ് ഈ പദ്ധതി ശ്രദ്ധ വയ്ക്കുന്നത്.  മറ്റു ഘടകങ്ങൾക്ക്  60:40 എന്ന അനുപാതത്തിലാണ് സാമ്പത്തിക സഹായം ലഭ്യമാകുന്നത്, എന്നാൽ ഈ ഘടകത്തിൻ കീഴിൽ വരുന്ന പദ്ധതികളുടെ ചെലവ് മുഴുവനും കേന്ദ്ര സഹായമായി ലഭിക്കുന്നു.