സംഘടന

സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്ഥാനമാണ് സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ അഥവാ കുടുംബശ്രീ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിന്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്.

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഇൗ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനം
സംസ്ഥാനത്തെ കേവല ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് ദരിദ്രരുടെ തന്നെ സംഘടനകൾക്ക് രൂപം നൽകുകയായിരുന്നു കുടുംബശ്രീ മിഷൻ ഈ സാമൂഹ്യാധിഷ്ഠിത സംഘടന ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

1. അയൽക്കൂട്ടം: സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകമാണ് അയൽക്കൂട്ടം. അയൽക്കൂട്ടം പ്രാഥമിക അടിസ്ഥാന ഘടകമെന്ന നിലയിൽ സി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനെ അഫിലിയേഷൻ എന്നു പറയുന്നു. അടുത്തടുത്ത കുടുംബങ്ങളിലെ 10 മുതൽ 20 വരെ അംഗങ്ങൾ ചേർന്ന് രൂപീകരിക്കുന്ന അയൽക്കൂട്ടത്തിന്റെ സവിശേഷതകൾ ചുവടെ ചേർക്കുന്നു:-
• 10 മുതൽ 20 വരെ അംഗങ്ങൾ
• ഒരു കുടുംബത്തിൽ നിന്നും ഒരു വനിതയ്ക്ക് മാത്രം അംഗത്വം
• 5 അംഗ ഭരണ സമിതി - പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വോളണ്ടിയർ, അടിസ്ഥാന സൗകര്യ വോളണ്ടിയർ, ആരോഗ്യദായക വോളണ്ടിയർ.

2023 സെപ്റ്റംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 3.16 ലക്ഷം അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
 

2. ഏര്യ ഡവല്പമെന്റ് സൊസൈറ്റി (എ.ഡി.എസ്.) : വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ 5 അംഗ വോളണ്ടിയർ പ്രതിനിധികളെ ഉൾപ്പെടുത്തി വാർഡ് തല എ.ഡി.എസ്. രൂപീകരിക്കുന്നു.
• ഒരു അയൽക്കൂട്ടത്തിൽ നിന്നും 5 അംഗ വോളണ്ടിയർ കമ്മിറ്റി അംഗങ്ങൾ
• 7 അംഗ ഭരണ സമിതി
• എക്സ് ഒഫിഷ്യോ അംഗങ്ങൾ
• വാർഡ് മെമ്പർ രക്ഷാധികാരി

നാളിതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 19,470 എ.ഡി.എസ്സുകൾ രൂപീകരിച്ചിട്ടുണ്ട്.

3. കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റി: പഞ്ചായത്ത്/നഗരസഭയിലെ വാർഡ് തല എഡിഎസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് എല്ലാ വാർഡുകൾക്കും പ്രാതിനിധ്യം നൽകി സി.ഡി.എസ്. രൂപീകരിക്കുന്നു.
• എല്ലാ എ.ഡി.എസ്സുകളിലേയും 07 അംഗ ഭരണ സമിതി അംഗങ്ങൾ ചേർന്നുണ്ടാകുന്ന പൊതുസഭ
• എല്ലാ 07 അംഗ എ.ഡി.എസ്. ഭരണ സമിതികളിൽ നിന്നും ഒരു അംഗത്തെ തെരഞ്ഞെടുത്തുകൊണ്ട് രൂപീകരിക്കുന്ന ഭരണസമിതി. (ഭരണ സമിതി അംഗങ്ങളുടെ എണ്ണം എ.ഡി.എസ്സുകളുടെ എണ്ണത്തിന് തുല്യമായിരിക്കും)
• ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിങ്ങനെ ഔദ്യോഗിക ഭാരവാഹികൾ
• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 5 അംഗ വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ എക്സ് ഒഫീഷ്യോ അംഗങ്ങൾ.
• സി.ഡി.എസ്സിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തദ്ദേശ സ്ഥാപന പ്രസിഡന്റ് അദ്ധ്യക്ഷനായുള്ള വിലയിരുത്തൽ സമിതി.

നാളിതുവരെ കണക്കുകൾ പ്രകാരം ആകെ 1,070 സി.ഡി.എസ്സുകൾ കുടുംബശ്രീയുടേതായിട്ടുണ്ട്

സി.ഡി.എസ്സിന്റെ ചുമതലകൾ
പഞ്ചായത്ത് / നഗരസഭയിൽ നടപ്പിലാക്കുന്ന വിവിധ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും കുടുംബശ്രീ പ്രവർത്തനങ്ങളും അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, വിവിധ സർക്കാർ, അർദ്ധ സർക്കാർ ഏജൻസികൾ നടപ്പാക്കുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ പഞ്ചായത്ത് / നഗരസഭയിലെ അയൽക്കൂട്ട കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുക, കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും എ.ഡി.എസ്സുകളുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക.  ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുള്ള വിവിധ വകുപ്പുകളുടെയും ദാരിദ്ര്യ നിർമ്മാർജ്ജന മേഖലയിൽ പ്രവർത്തിക്കുന്ന ഇതര വകുപ്പുകളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക എന്നിവയാണ് സി.ഡി.എസ്സിന്റെ പ്രധാന ചുമതല. സി.ഡി.എസ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്.  സി.ഡി.എസിന് നിർബന്ധമായും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കും. സി.ഡി.എസ്. ചെയർപേഴ്സനും, മെമ്പർ സെക്രട്ടറിയും സംയുക്തമായാണ് പ്രസ്തുത അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത്.

 

വിലയിരുത്തൽ സമിതി
പ്രാദേശിക ഭരണകൂടത്തേയും കുടുംബശ്രീ സി.ഡി.എസ്സ്. സംവിധാനത്തേയും ജനാധിപത്യ രീതിയിൽ ഒരുമിപ്പിക്കുന്ന വേദിയാണ് വിലയിരുത്തൽ സമിതി.  തദ്ദേശഭരണ സ്ഥാപനത്തിന്റെ കീഴിലുള്ള ഘടക/വകുപ്പ് മേധാവികളെല്ലാം ഇതിൽ അംഗങ്ങളാണ്. തദ്ദേശ ഭരണസമിതിയുടെ അദ്ധ്യക്ഷൻ നേതൃത്വം കൊടുക്കുന്ന യോഗത്തിൽ പ്രസ്തുത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും അവിടെ നടക്കുന്ന ഉത്തരവാദിത്വപൂർണ്ണമായ ചർച്ചകളും തീരുമാനമെടുക്കൽ പ്രക്രിയയും അവരുടെ തന്നെ സേവനപരമായ ബാധ്യതയായി അംഗീകരിക്കുകയും ചെയ്യുന്നു.

മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും ചേരേണ്ട വിലയിരുത്തൽ സമിതി യോഗമാണ് സി.ഡി.എസിന്റെ കരട് വാർഷിക കർമ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആശയങ്ങളും വിവരങ്ങളും നൽകുകയും വിവിധ വേദികളിൽ നടക്കുന്ന ചർച്ചകളിൽ ഇടപെട്ട് ആവശ്യമായ ദിശാബോധം നൽകുകയും ചെയ്യുന്നത്.  അപ്രകാരം വിശദമായ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വിധേയമാക്കുന്ന വാർഷിക കർമ്മ പരിപാടികൾ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുഖാന്തരമാണ് പ്രാദേശിക ഭരണകൂടത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാക്കുന്നത്. ഇങ്ങനെ പ്രാദേശിക ഭരണസമിതിയുടെ ആത്യന്തികമായ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുന്ന കർമ്മപദ്ധതിയുടെ നിർവ്വഹണ പുരോഗതി വിലയിരുത്തി ദിശാഗതി നിയന്ത്രണവും നേതൃത്വവും നൽകുവാനുള്ള അധികാരവും വിലയിരുത്തൽ സമിതിക്കുണ്ട്. കൂടാതെ കുടുംബശ്രീ സി.ഡി.എസ്. നടപ്പിലാക്കുന്ന വിവിധ പരിപാടികൾ യഥാസമയം വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകുന്നതിനും വിലയിരുത്തൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു.

തദ്ദേശ സ്വയംഭരണ തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ/മുനിസിപ്പൽ ചെയർമാന്റെ/മേയറുടെ അധ്യക്ഷതയിലായിരിക്കും കുടുംബശ്രീ വിലയിരുത്തൽ സമിതി. വിലയിരുത്തൽ സമിതിയുടെ സെക്രട്ടറി, സി.ഡി.എസ്. ചെയർപേഴ്സണും കൺവീനർ മെമ്പർ സെക്രട്ടറിയും ആയിരിക്കുന്നതാണ്. ഒന്നിൽ കൂടുതൽ സി.ഡിഎസ്സ് ഉള്ള നഗരസഭകളിൽ നഗരസഭാസമിതിയുടെ തീരുമാനത്തിന് അനുസരണമായിട്ടാണ് സെക്രട്ടറിയേയും കൺവീനറെയും നിശ്ചയിക്കേണ്ടത്. രണ്ടാമത്തെയാൾ യഥാക്രമം അഡീഷണൽ സെക്രട്ടറിയും അഡീഷണൽ കൺവീനറും ആയിരിക്കുന്നതാണ്.

വിലയിരുത്തൽ സമിതിയുടെ ആകെ അംഗങ്ങൾ 35-ൽ (കോർപ്പറേഷനിൽ-50) കവിയാത്ത വിധം ചുവടെ ചേർക്കുന്നവർ അംഗങ്ങളായിരിക്കും. (1) തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി (2) സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ(സ്) (3) തദ്ദേശ സ്വയംഭരണ സമിതി, സി.ഡി.എസിലേയ്ക്ക് നിയോഗിച്ചിട്ടുള്ള വനിതാ ജനപ്രതിനിധികൾ (4) തദ്ദേശ സ്വയംഭരണ നിയന്ത്രണത്തിലുള്ള എല്ലാ വകുപ്പ്/ ഘടക സ്ഥാപന മേധാവികളും (5) സി.ഡി.എസ്. എക്സ്-ഒഫിഷ്യോ അംഗങ്ങളായ രണ്ട് മുൻ സി.ഡി.എസ്. ഔദ്യോഗിക ഭാരവാഹികൾ. (6) സി.ഡി.എസ്സിലെ ഉപസമിതി കൺവീനർമാർ. (7) ധനകാര്യ സ്ഥാപനങ്ങളുടെ രണ്ട് (2) പ്രതിനിധികൾ. (8) ക്ഷേമകാര്യ-വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ/ ചെയർപേഴ്സൺസ്. (9) തദ്ദേശ ഭരണസമിതിയിലെ മുഴുവൻ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ. (10) കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ശുപാർശ ചെയ്യുന്ന ഒരു ബ്ലോക്ക് കോർഡിനേറ്റർ. (11) സി.ഡി.എസ് അക്കൗണ്ടന്റ്.


മാതൃകാ സി.ഡി.എസ്
സാമ്പത്തിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം, സാമൂഹിക ശാക്തീകരണം എന്നീ മൂന്ന് വിശാല ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് കുടുംബശ്രീ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ലോകത്തിന് മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് കഴിഞ്ഞ 22 വർഷക്കാലയളവിൽ കുടുംബശ്രീ മുഖേന നടത്താൻ സാധിച്ചത്. എന്നിരുന്നാലും സംഘടനാ സംവിധാനത്തിന്റെ 100 ശതമാനം പങ്കാളിത്തത്തോടെയും, ഉടമസ്ഥതയോടെയും സമഗ്രവും സുസ്ഥിരവും വികേന്ദ്രീകൃതവുമായ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടും കാര്യക്ഷമതയോടും കൂടി നടത്താൻ സാധിച്ചോ എന്നത് സ്വയം വിമർശനപരമായി ഉൾക്കൊള്ളേണ്ട കാര്യമാണ്. ഇത് പരിഹരിക്കുന്നതിന് കേരളത്തിലെ മുഴുവൻ ബ്ലോക്കിലും ഒരു സി.ഡി.എസ്സിനെ തെരഞ്ഞെടുത്ത് ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് അടുത്ത മൂന്നു വർഷം കൊണ്ട് മാതൃകയായ സി.ഡി.എസ് ആക്കി ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് കുടുംബശ്രീയെ സാമൂഹാധിഷ്ഠിത സംഘടനാ സംവിധാനത്തെ ക്രമപ്പെടുത്തിരിക്കുന്നത്. കുടുംബശ്രീ ബൈലോയിൽ ഇതിനനുസൃതമായിട്ടുള്ള വ്യവസ്ഥകൾ പ്രതിപാദിപ്പിച്ചിട്ടുണ്ട്. ആയതിനാൽ സ്വയം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഓരോ സി.ഡി.എസ്സിനും അധികാരമുണ്ട്. എന്നാൽ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷൻ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന ഏജൻസിയായി പലപ്പോഴും സംഘടനാ സംവിധാനം മാറാറുണ്ട്. സ്വന്തമായി ഫണ്ടുകൾ കണ്ടെത്താനും, പ്രദേശത്തെ ക്ലേശങ്ങൾ നേരിടുന്നവരെ കണ്ടെത്തി, അവരുടെ വികസനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ പദ്ധതികളും നയസമീപനങ്ങളും ആസൂത്രണം ചെയ്യുന്നതിന് സഹായകമാകുന്ന വിധത്തിൽ സംഘടനാ സംവിധാനത്തെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ 152 ബ്ലോക്കുകളിലേയും ഒരു സി.ഡി.എസ്സിനെ മാതൃകാ സി.ഡി.എസ് ആക്കി ഉയർത്താൻ ഉദ്ദേശിക്കുന്നത്. ഒരു ബ്ലോക്കിൽ നിന്നും ഒരു ഗ്രാമീണ സി.ഡി.എസിനെ മാതൃകാ സി.ഡി.എസ് ആക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പരിപാടിയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള, അംഗങ്ങളാൽ നയിക്കുന്ന, നിയന്ത്രിക്കപ്പെടുന്ന സംഘടനാ സംവിധാനത്തെ പടത്തുയർത്തി, അതു വഴി ആ പ്രദേശത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം വിവിധ വകുപ്പുകൾ, ഏജൻസികൾ മുഖേന സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുക എന്നതാണ്‌ ഉദ്ദേശം.

സാമൂഹ്യാധിഷ്ഠിത പ്രശ്ന പരിഹാര സമിതി
അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ / പരാതികൾ / തർക്കങ്ങൾ എന്നിവ തീർപ്പ് കൽപ്പിക്കേണ്ടത് സമൂഹത്തിന്റെ നേതൃത്വത്തിൽ തന്നെയാണ്. പ്രസ്തുത ഇടങ്ങളിൽ തീർപ്പാകാത്ത പ്രശ്നങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥ തലങ്ങളിൽ തീർപ്പാക്കേണ്ടത്. ഇതിനുവേണ്ടി കുടുംബശ്രീ ബൈലോ പ്രകാരം മൂന്നു സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കേണ്ടതാണ്.

1. അയൽക്കൂട്ടതല വസ്തുതാന്വേഷണ സമിതി:-
അയൽക്കൂട്ടതല വസ്തുതാന്വേഷണ സമിതി എന്നത് എ ഡി എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, എ ഡി എസ് കമ്മിറ്റിയിൽ നിന്നും നിയോഗിക്കപ്പെടുന്ന മറ്റൊരു അംഗം എന്നിവർ ഉൾപ്പെട്ട മൂന്ന് (3) അംഗ സമിതിയായിരിക്കും. അയൽക്കൂട്ടത്തിലെ പ്രശ്നങ്ങൾ/ പരാതികൾ / തർക്കങ്ങൾ എന്നിവ രമ്യമായി ജനാധിപത്യപരമായി പരിഹരിക്കുന്നതിനാണ് അയൽക്കൂട്ടതല വസ്തുതാന്വേഷണ സമിതി പ്രവർത്തിക്കേണ്ടത്.

2. എ.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി:-
എ.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി എന്നത് സി.ഡി.എസ് ചെയർപേഴ്സൺ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ, സി.ഡി.എസ് കമ്മിറ്റിയിൽ നിന്നും നിയോഗിക്കപ്പെടുന്ന മറ്റൊരു അംഗം എന്നിവർ ഉൾപ്പെടെ മൂന്ന് (3) അംഗ സമിതിയായിരിക്കും. എ.ഡി.എസ്സിലെ പ്രശ്നങ്ങൾ/ പരാതികൾ / തർക്കങ്ങൾ എന്നിവ രമ്യമായി ജനാധിപത്യപരമായി പരിഹരിക്കുന്നതിനാണ് എ.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി പ്രവർത്തിക്കേണ്ടത്.

3. സി.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി:-
സി.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി എന്നത് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (സംഘടന) , ജില്ലാ പ്രോഗ്രാം മാനേജർ(സംഘടന) എന്നിവർ ഉൾപ്പെട്ട മൂന്ന് (3) അംഗ സമിതിയായിരിക്കും. സി.ഡി.എസ്സിലെ പ്രശ്നങ്ങൾ/ പരാതികൾ / തർക്കങ്ങൾ എന്നിവ രമ്യമായി ജനാധിപത്യപരമായി പരിഹരിക്കുന്നതിനാണ് സി.ഡി.എസ്.തല വസ്തുതാന്വേഷണ സമിതി പ്രവർത്തിക്കേണ്ടത്. ഓരോ ഘടകത്തിലേയും പരാതികൾ അതത് ഘടകത്തിൽ തന്നെ തീർപ്പാക്കാൻ ശ്രമിക്കേണ്ടതാണ്.

 

സാമൂഹ്യ ഉൾച്ചേർക്കൽ (സോഷ്യൽ ഇൻക്ലൂഷൻ)
കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിനകത്ത് കൊണ്ടുവരിക എന്നതാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. കൂടാതെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മുഴുവൻ കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിനകത്തും, അല്ലെങ്കിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അയൽക്കൂട്ടങ്ങളിലും ഉൾപ്പെടുത്തുക എന്നുള്ളതും കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. പ്രത്യേക അയൽക്കൂട്ടങ്ങൾ 1) വയോജന അയൽക്കൂട്ടങ്ങൾ 2) ഭിന്നശേഷി അയൽക്കൂട്ടങ്ങൾ 3) ട്രാൻസ് ജെൻഡർ അയൽക്കൂട്ടങ്ങൾ .

 

ഓക്സിലറി ഗ്രൂപ്പ്
കുടുംബശ്രീയിൽ അംഗമല്ലാത്ത യുവതികൾക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു പൊതുവേദി എന്ന നിലയിൽ ഒരു വാർഡിൽ 50 പേരെ ഉൾപ്പെടുത്തി ഓക്സിലറി ഗ്രൂപ്പ്.

 

കാര്യശേഷി വികസനം
കുടുംബശ്രീയിലെ സംഘടനാ സംവിധാനത്തിന് സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ദിശാബോധവും നൈപുണ്യവും ആർജ്ജിച്ചെടുക്കുന്നതിന് ആവശ്യമായ വിവിധ കാര്യശേഷി വികസന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നത് കുടുംബശ്രീയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. വിവിധ പരിശീലനങ്ങൾ, വീഡിയോ പ്രചാരണം, ഫീൽഡ് സന്ദർശനം, ചർച്ച, സെമിനാർ തുടങ്ങി വിവിധ ഉപാധികളാണ് കാര്യശേഷി വികസനത്തിനുവേണ്ടി സ്വീകരിക്കുന്നത്.