പി.എം.എ.വൈ.

പ്രധാനമന്ത്രി ആവാസ് യോജന (നഗരം)
എല്ലാവർക്കും ഭവനം പദ്ധതി

നഗരപ്രദേശത്തെ ഭവനരഹിതരായ എല്ലാവർക്കും 2022-ഓടുകൂടി ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ അതാത് നഗരസഭകൾ മുഖേന നടപ്പാക്കുന്ന പദ്ധതി. മൂന്ന് ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും പദ്ധതി നടപ്പിലാക്കി വരുന്നു. നഗരസഭകൾ വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീയാണ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവന നിർമ്മാണം, പലിശ സബ്സിഡിയോടു കൂടിയ ഭവനവായ്പ, ചേരി പുനരുദ്ധാരണം അഫോർബിൾ ഹൗസിംഗ് ഇൻ പാർട്ട്ണർഷിപ്പ്, എന്നീ നാല് ഘടകങ്ങളിലൂടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം.

1.ഗുണഭോക്തൃ കേന്ദ്രീകൃത ഭവന നിർമ്മാണം
നഗര പ്രദേശത്ത് സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനനിർമ്മാണത്തിന്  ധനസഹായം നൽകുന്ന പദ്ധതി ഘടകം (Beneficiaries Led Construction).

ഗുണഭോക്താവാകുന്നതിനുള്ള അർഹത
• കുറഞ്ഞത് 3 വർഷമായി നഗര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ
• നഗരപ്രദേശത്ത് സ്വന്തമായി ഒരു സെന്റ് എങ്കിലും ഭൂമി
• വാർഷിക വരുമാനം 3.00 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾ
• കുടുംബത്തിലെ ആരുടെയും പേരിൽ ഇൻഡ്യയിലെവിടെയും ഭവനം ഇല്ലാത്ത കുടുംബം

ഭവന നിർമ്മാണത്തിന് അനുവദനീയമായ വിസ്തീർണ്ണം
പി.എം.എ.വൈ പദ്ധതി പ്രകാരം അനുവദനീയമായ ഭവന വിസ്തീർണ്ണം (കാർപ്പറ്റ് ഏരിയ) കുറഞ്ഞത് 30 ചതുരശ്ര മീറ്ററും കൂടിയത് 60 ചതുരശ്ര മീറ്ററും ആയിരിക്കും.

ഭവന നിർമ്മാണ ധനസഹായം
പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ കേന്ദ്രീകൃത നിർമ്മാണത്തിന് പരമാവധി ലഭിക്കുന്ന ധനസഹായം 4 ലക്ഷം രൂപ ആയിരിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന,നഗരസഭാ വിഹിതം താഴെ പറയും പ്രകാരമായിരിക്കും.

കേന്ദ്രവിഹിതം 50% സംസ്ഥാന വിഹിതം
16.66%
നഗരസഭാ വിഹിതം
16.66%
1,50,000 50,000 2,00,000

ഗുണഭോക്താവിന് ഗഡുക്കൾ വിതരണം ചെയ്യുന്ന രീതി
ഗുണഭോക്താവിന് താഴെ പറയും പ്രകാരം 4 ഗഡുക്കളായാണ് ഭവന നിർമ്മാണ ധനസഹായം ലഭ്യമാക്കുന്നത്. ജിയോടാഗിംഗ് സംവിധാനം ഉപയോഗിച്ച് ഭവന നിർമ്മാണ പുരോഗതി റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഗഡുക്കൾ വിതരണം ചെയ്യുന്നത്. നഗരസഭയിൽ വാർഡ് തലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മോഡറേറ്റർ ഭുവൻ വെബ്സൈറ്റിലൂടെ സർവ്വേയർ അപ് ലോഡ് ചെയ്ത ഭവന പുരോഗതി ചിത്രങ്ങൾ പരിശോധിച്ച് അനുമതി/ശിപാർശ നൽകുന്ന മുറയ്ക്കാണ് തുടർഗഡുക്കൾ നൽകുന്നത്.

ഗഡുക്കൾ വിതരണം ചെയ്യുന്ന ഘട്ടം വിതരണം ചെയ്യുന്ന തുക
ഒന്നാംഗഡു ഗുണഭോക്താവ് നഗരസഭയുമായി കരാറിൽ ഏർപ്പെടുമ്പോൾ 40,000 (10%)
രണ്ടാം ഗഡു അടിത്തറ പൂർത്തിയാക്കുന്ന മുറയ്ക്ക് 1,60,000 (40%)
മൂന്നാംഗഡു തറ നിരപ്പിന് മുകളിൽ മേൽക്കൂര ഉൾപ്പെടെയുള്ള നിർമ്മാണം പൂർത്തീകരിക്കൽ 1,60,000 (40%)
നാലാംഗഡു ഭവന നിർമ്മാണം പൂർത്തീകരണം 40,000 (10%)

ഭവന നിർമ്മാണ കാലാവധി
പിഎംഎവൈ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾ അംഗീകാരം ലഭിച്ച് പരമാവധി ഒരു വർഷത്തിനകം ഭവന നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്. സർക്കാർ നിയമങ്ങൾ അനുശാസിക്കുന്ന വിധത്തിൽ പക്കാ രീതിയിലുള്ള ഭവനമാണ് നിർമ്മിക്കേണ്ടത്. നിർമ്മിക്കുന്ന ഭവനം കരാർ ചമച്ചതിനു ശേഷം അടുത്ത 7 വർഷത്തേയ്ക്ക്  കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ലഭ്യമാക്കലും കരാർ ചമയ്ക്കലും
പദ്ധതി അനുമതി ലഭിച്ച ഗുണഭോക്താക്കൾക്ക് നഗരസഭ കെട്ടിട നിർമ്മാണ അനുമതി നൽകുന്നു. ഇതിനുശേഷം പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാമെന്നും ഗുണഭോക്തൃവിഹിതം കൃത്യമായി അടച്ചുകൊള്ളാമെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാമെന്നും ഉറപ്പുനൽകിക്കൊണ്ട്  200/- രൂപ മുദ്രപത്രത്തിൽ കരാർ ചമയ്ക്കുന്നതാണ്. കരാർ ചമയ്ക്കുന്ന മുറയ്ക്ക് ഗുണഭോക്താവിന്റെ വസ്തുവിന്റെ അസ്സൽ പ്രമാണം ഏഴ് വർഷത്തേയ്ക്ക് നഗരസഭ വാങ്ങി സൂക്ഷിക്കുന്നതും നിശ്ചിത കാലാവധി കഴിയുന്ന മുറയ്ക്ക് പ്രമാണം തിരികെ നൽകുന്നതുമാണ്.

ഗുണഭോക്താവ് ഹാജരാക്കേണ്ട രേഖകൾ
സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത ഗുണഭോക്തൃ കുടുംബത്തിന്റെ ഫോട്ടോ തുടങ്ങിയ രേഖകൾ ഗുണഭോക്താവ് ഹാജരാക്കേണ്ടതാണ്.

ഗുണഭോക്താവ് ആകുന്നതിനുള്ള മറ്റ് നിബന്ധനകൾ
• കുടുംബത്തിലെ സ്ത്രീ ആയിരിക്കണം ഗുണഭോക്താവ്. കുടുംബത്തിൽ പ്രായപൂർത്തിയായ / മാനസിക ഭദ്രതയുള്ള മുതിർന്ന സ്ത്രീകൾ ഇല്ലാത്ത പക്ഷം മാത്രമേ പുരുഷന്റെ പേരിൽ വീട് അനുവദിക്കുകയുള്ളൂ.
• ഗുണഭോക്താവിന് നിർബന്ധമായും ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.ഇല്ലാത്ത പക്ഷം പ്രസ്തുത വ്യക്തിയെ ഗുണഭോക്താവായി പരിഗണിക്കുവാൻ കഴിയുന്നതല്ല
• ഭവനം നിർമ്മിക്കുന്നതിനുള്ള വസ്തു പുരുഷന്റെ പേരിൽ ആണെങ്കിൽ സ്ത്രീയെ ഗുണഭോക്താവ് ആയി പരിഗണിക്കേണ്ടതും, വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള പുരുഷൻ വീട് നിർമ്മിക്കുന്നതിനുള്ള ഭവനനിർമ്മാണ അനുമതി നല്കിക്കൊണ്ട് നോട്ടറി അറ്റസ്റ്റ് ചെയ്ത 200/- രൂപ മുദ്രപത്രം ഹാജരാക്കേണ്ടതാണ്.
• നഗരപ്രദേശത്ത് ഒരു സെന്റ് എങ്കിലും വസ്തുവിന് കൈവശാവകാശ രേഖയുള്ള ഗുണഭോക്താക്കൾക്കും പി.എം.എ.വൈ ആനുകൂല്യം ലഭിക്കുന്നതാണ്.
• കൂട്ടുടമസ്ഥതയിലുള്ള വസ്തുവിൽ പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് ഭൂമിയുടെ മറ്റ് ഉടമസ്ഥരിൽ നിന്നുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത നിരാക്ഷേപ പത്രം മുദ്രപത്രത്തിൽ ഹാജരാക്കുകയാണെങ്കിൽ ടി. ഗുണഭോക്താവിനും പി.എം.എ.വൈ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാകുന്നതാണ്.
• പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ ആധാരം അവസാന ഘട്ട ആനുകൂല്യം നൽകുന്ന തീയതി മുതൽ 7 വർഷ കാലത്തേയ്ക്ക് ബന്ധപ്പെട്ട നഗരസഭയിൽ സൂക്ഷിക്കുന്നതാണ്.
• വീടിന്റെ നിർമ്മാണത്തിന് ബാങ്ക് ലോൺ ആവശ്യമായിവരുന്ന പക്ഷം നഗരസഭയും ഗുണഭോക്താവും ബാങ്കും തമ്മിൽ ത്രികക്ഷി കരാറിൽ ഏർപ്പെട്ടുകൊണ്ട് ആധാരം ബാങ്കിന് നൽകാവുന്നതാണ്. ലോൺ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ആധാരം തിരികെ നഗരസഭയിൽ വാങ്ങി സൂക്ഷിക്കുന്നതാണ്.

2. ക്രഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എൽ.എസ്.എസ്)
ഭവനം വാങ്ങുന്നതിനോ; നിർമ്മിക്കുന്നതിനോ നിലവിലെ പലിശ നിരക്കിൽ നിന്നും കുറഞ്ഞ നിരക്കിൽ, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ബാങ്കുകൾ മുഖേന വായ്പ നൽകുന്ന ഘടകമാണ് പി.എം.എ.വൈയിലെ രണ്ടാമത്തെ ലംബ ഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിസി (സി.എൽ.എസ്.എസ്)
സി.എൽ.എസ്.എസ്  പ്രകാരം താഴ്‌ന്ന വരുമാനമുള്ളവർക്കും (ഘകഏ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഋണട), ഇടത്തരം വരുമാനക്കാരായ ങകഏ1 /ങകഏ2 എന്നീ രണ്ട് വിഭാഗങ്ങളിലായി ഭവനം നിർമ്മിക്കുന്നതിനായി / ഭവനം വാങ്ങുന്നതിനായി/ഭവനത്തിന്റെ നിലവാരംം വർദ്ധിപ്പിക്കുന്നതിനായി ബാങ്കിൽ കമ്പോളനിരക്കിലെ പലിശയിൽ നിന്നും കുറഞ്ഞനിരക്കിൽ വായ്പയായി നൽകുന്നു.

ക്രഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം ഏതൊക്കെ കാര്യങ്ങൾക്ക് ലഭിക്കും?
 വീട് നിർമ്മിക്കുന്നതിന്
 വീട്/ഫ്ളാറ്റ് വാങ്ങുന്നതിന്

വായ്പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ
സി.എൽ.എസ്.എസ് (വിഭാഗം) - യോഗ്യമായ കുടുംബ വാർഷിക വരുമാനം -അനുവദനീയമായ കാർപ്പെറ്റ് ഏരിയ (ചതുരശ്ര മീറ്റർ) - വായ്പ തുക (പരമാവധി) - പലിശ സബ്സിഡി തിരിച്ചടവ്കാലാവധി - ലഭ്യമായ പലിശ സബ്സിഡി (പരമാവധി)(രൂപ)
EWS/LIG - 6 ലക്ഷം വരെ - 60 - 6 ലക്ഷം - 6.5% - 20 വർഷം - 2,67,280
MIG-1  - 6 ലക്ഷം മുതൽ 12 ലക്ഷം വരെ - 160 - 9 ലക്ഷം - 4% - 20 വർഷം - 2,35,068
MIG-2  - 12 ലക്ഷം മുതൽ 18 ലക്ഷം വരെ - 200 - 12 ലക്ഷം - 3% - 20 വർഷം - 2,30,156

• EWS/LIG ഗുണഭോക്താവിന് കെട്ടിടം സ്വന്തം ചെലവിൽ മുകളിൽ സൂചിപ്പിച്ച അളവുകളിൽ നിന്ന് കൂടിയ അളവിലും നിർമ്മിക്കാവുന്നതാണ്.

പദ്ധതി നേട്ടങ്ങൾ
• പ്രതിമാസം 1.50 ലക്ഷം വരെ വരുമാനമുള്ള പദ്ധതി മാനദണ്ഡങ്ങൾ പാലിക്കുന്ന സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആനുകൂല്യം ലഭിക്കുന്നു.
• ഒരു ഗുണഭോക്താവിന് പരമാവധി 2,67,000 രൂപ പലിശ സബ്സിഡി ഇനത്തിൽ ലഭ്യമാകുന്നു.
• 2015 ജൂൺ 17 ന് ശേഷം എടുത്ത  LIG/EWS ലോണുകളേയും 2017 ജനുവരി 1ന് ശേഷം എടുത്ത MIG1/MIG2 ലോണുകളേയും മുൻകാല പ്രാബല്യത്തോടെ ഈ പദ്ധതിയിൻ കീഴിൽ കൊണ്ടുവരുന്നതിന് സാധിക്കും.

3. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചേരിവികസനം (in-situ slum development)
300 ആളുകൾ / 60-70 വരെ കുടുംബങ്ങൾ താമസിക്കുന്ന ചേരിയിലുള്ളവർക്ക് സ്വകാര്യ പങ്കാളിത്തത്തോടെ ഭൂമി വിഭവമായി പരിഗണിച്ചുകൊണ്ട് പ്രസ്തുത ചേരിയിൽത്തന്നെ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്ന ഘടകമാണിത്. ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂവിഭവം പരമാവധി പ്രയോജനപ്പെടുത്തി അർഹരായ ചേരിനിവാസികൾക്ക് പാർപ്പിടങ്ങൾ നൽകി അവരെ ഔദ്യോഗിക നഗര സംവിധാനത്തിന്റെ ഭാഗമാക്കുകയാണ് ഈ പദ്ധതി ഘടകത്തിന്റെ ലക്ഷ്യം. കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, നഗരസഭ, സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചേരികൾ ഇപ്രകാരം അതാത് സ്ഥലത്ത് തന്നെയുള്ള വികസനത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്. ചേരിവികസനത്തിനുള്ള സ്വകാര്യ പങ്കാളിയെ 'ഓപ്പൺ ബിഡ്‌ഡിംഗ് ’ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരം പദ്ധതികൾ സാമ്പത്തികമായി ലാഭകരമാക്കുന്നതിനായി സംസ്ഥാന സർക്കാരിനും നഗരസഭകൾക്കും ആവശ്യമെങ്കിൽ അധിക  Floor Area Ratio (FAR) / Floor Space Index (FSI) / Transferable Development Rights (TDR) എന്നിവ അനുവദിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചേരിവികസന പദ്ധതികൾക്ക് ശരാശരി ഒരു വീടിന് ഒരു ലക്ഷമെന്ന നിരക്കിൽ ചേരിവികസന ഗ്രാന്റ് ലഭിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമെങ്കിൽ ഈ കേന്ദ്ര ഗ്രാന്റ് പൊതുസ്ഥലത്ത് സ്ഥിതിചെയ്യുന്ന മറ്റ് ചേരികളുടെ വികസനത്തിനായി ഉപയോഗിക്കാവുന്നതാണ്. കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ സഹായത്തോടെ ചേരി വികസനം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

4. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നഗര ദരിദ്രർക്ക് വാങ്ങാൻ കഴിയുന്ന നിരക്കിലുള്ള ഭവനങ്ങൾ ലഭ്യമാക്കൽ  (Affordable housing through partnership)
സർക്കാർ / സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട ( EWS ) സ്വന്തമായി സ്ഥലമില്ലാത്ത ഗുണഭോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന നിരക്കിലുള്ള വീടുകൾ ലഭ്യമാക്കുക വഴി അവരുടെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതി ഘടകമാണിത്.  ഇത്തരത്തിൽ നിർമ്മിക്കുന്ന വീടുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സംരംഭകൻ, പാവപ്പെട്ടവർക്ക് നൽകേണ്ടതാണ്. കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാക്കൽ, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കൽ തുടങ്ങിയ ഇളവുകൾ ഡെവലപ്പർക്ക് നല്കുന്നതാണ്. 250 വീടുകൾ ഉള്ള പദ്ധതിയിൽ 35% എങ്കിലും ഇ.ഡബ്‌ള്യൂ.എസ് വിഭാഗത്തിനായി നീക്കിവച്ചിട്ടുള്ള പദ്ധതികൾക്കാണ് ഇത്തരത്തിൽ സാമ്പത്തിക സഹായം ലഭ്യമാകുന്നത്.

ലക്ഷ്യം 1
പി.എം.എ.വൈ (നഗരം) - ലൈഫ്  പദ്ധതി പ്രകാരം 93 നഗരസഭകളിലും വികസന അതോറിറ്റിയുടെ പ്രവർത്തന പരിധിയിൽ വരുന്ന 34 പഞ്ചായത്തുകളിലുമായി നാളിതുവരെ 1,11,252 ഭവനങ്ങൾക്ക് വ്യക്തിഗത ഭവന നിർമ്മാണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഡാറ്റാക്ളീനിംഗിന് ശേഷം കണ്ടെത്തിയ അർഹരായ എല്ലാ ഗുണഭോക്താക്കളുടെയും ഭവന നിർമാണം പൂർത്തിയാക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.

ലക്ഷ്യം 2
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം പ്രകാരം നാളിതുവരെയായി വിവിധ ബാങ്കുകളിൽ നിന്നായി 15,426 ഗുണഭോക്താക്കൾക്ക്  ഭവന നിർമ്മാണ വായ്പ ലഭ്യമാക്കുകയും 10,344 ഗുണഭോക്താക്കൾക്ക് സബ്സിഡി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 2020-2021 സാമ്പത്തിക വർഷം 10,000 ഗുണഭോക്താക്കൾക്ക് സബ്സിഡി ലഭ്യമാക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.

ലക്ഷ്യം 3
പി.എം.എ.വൈ. നഗരം അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നാളിതുവരെ 63,161 ഗുണഭോക്താക്കൾക്ക് തൊഴിൽ കാർഡ് ലഭ്യമാക്കുന്നതിനും 13,47,082 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിനും 19,30,63,819 രൂപ ഇതിലൂടെ ഗുണഭോക്താക്കൾക്ക്  ഭവനനിർമ്മാണത്തിനു അധിക ധനസഹായമായി നൽകുന്നതിനും സാധിച്ചിട്ടുണ്ട്. ബാക്കിയുള്ള അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും തൊഴിൽ കാർഡ് ലഭ്യമാക്കുകയും ഒാരോ ഗുണഭോക്താവിനും കുറഞ്ഞത് 50 ദിവസം വീതം തൊഴിൽദിനങ്ങൾ ലഭ്യമാക്കുകയും ചെയ്യുക.

ലക്ഷ്യം 4
നാളിതുവരെ 47 നഗരസഭകളിലായി 70 വനിതാകൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഇവരെ ഉപയോഗിച്ച് 60 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും 43 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭവനം പൂർത്തിയാക്കിയ ഗ്രൂപ്പുകളെ ഉപയോഗിച്ച് രണ്ടാമത്തെ ഭവനനിർമ്മാണം ആരംഭിക്കുകയും വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കാത്ത നഗരസഭകളിൽ ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനത്തോടൊപ്പം ഭവന നിർമ്മാണം ആരംഭിക്കുകയും ചെയ്യുക.

ലക്ഷ്യം 5
പി.എം.എ.വൈ , എൻ.യു.എൽ.എം സംയോജനത്തിന്റെ ഭാഗമായി നാളിതുവരെ ഗുണഭോക്തൃ കുടുംബത്തിലെ 714 പേർക്ക് വൈദഗ്ധ്യ പരിശീലനം നൽകി. 198 പേർക്ക് തൊഴിൽ നൽകുന്നതിന് സാധിച്ചിട്ടുണ്ട്. 2020-2021 സാമ്പത്തിക വർഷത്തിൽ ഗുണഭോക്തൃ കുടുംബത്തിലെ 1000 പേർക്ക് വൈദഗ്ധ്യ പരിശീലനം നൽകുന്നതിനും 1000 പേർക്ക് തൊഴിൽ നൽകുന്നതിനും ലക്ഷ്യം വയ്ക്കുന്നു.

ലക്ഷ്യം 6
ഭൂരഹിത ഭവനരഹിതർക്ക് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തിയ 30 നഗരസഭകളിൽ കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള ഡി.പി.ആറുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാക്കുകയും കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യുക.

ലക്ഷ്യം 7
അംഗീകാർ ക്യാമ്പയിനിന്റെ ഭാഗമായി പി.എം.എ.വൈ ഗുണഭോക്താക്കളെ കേന്ദ്ര സംസ്ഥാന നഗരസഭകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് ഗുണഭോക്തൃ കുടുംബത്തിന്റെ ജീവിത നിലവാരം ഉയർത്തുക.