കരുനാഗപ്പള്ളിയുടെ ഹരിതമിത്രം- ഹരിതകര്‍മ്മസേനാംഗങ്ങളുടെ ഉത്തമ സംരംഭ മാതൃക!

സംരംഭ രൂപീകരണത്തിലൂടെ ഹരിതകര്‍മ്മസേനാംഗങ്ങളുടെ വരുമാനവര്‍ദ്ധനവിന്റെ മികച്ച ഉദാഹരണമാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സി.ഡി.എസിന് കീഴിലുള്ള ഹരിതമിത്രം. ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്ന് ഹരിതമിത്രം ക്യാന്റീനും കാറ്ററിങ് സര്‍വീസുമാണ് സി.ഡി.എസിന് കീഴിലെ 69 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്ന് 2022ല്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യം നടത്തിവരുന്നത്. ഹരിതചട്ട പരിപാലന സ്ഥാപനത്തിന്റെ മേല്‍നോട്ടവും ഇവര്‍ വഹിച്ചുവരുന്നു. മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിവരുന്നത്.

ഹരിതമിത്രം സംരംഭ സംഘടനയിലൂടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംരംഭക മികവ് തെളിയ്ക്കുന്നതില്‍ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്‍ വഴിത്തിരിവായി. കരുനാഗപ്പള്ളി സിഡിഎസ് കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവരുടെ സഹായത്തോടെ നടത്തുന്ന ‘ ടേക് എ ബ്രേക്ക് ‘ സംവിധാനം സ്ത്രീ ശാക്തീകരണത്തിന്റെയും സംരംഭ വിപുലീകരണത്തിന്റെയും അനന്ത സാധ്യതകള്‍ കാട്ടി കൊടുക്കുന്ന കുടുംബശ്രീ മിഷന്റെ മറ്റൊരു മാതൃകയാണ്. 69 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പെടുന്ന കണ്‍സോര്‍ഷ്യം 2022 ല്‍ രൂപീകരിക്കുകയും ഇതില്‍ നിന്നും തെരഞ്ഞെടുത്ത 9 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഹരിത മിത്രം കാന്റീന്‍, ഹരിത ചട്ട പരിപാലന സ്ഥാപനങ്ങളുടെ മേല്‍നോട്ടം തുടങ്ങിയവയുടെ ചുമതല വഹിച്ചു പോകുന്നു.

കരുനാഗപ്പള്ളി വഴിയോര വിശ്രമ കേന്ദ്രത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന ടേക് എ ബ്രേക്ക് വഴിയോര യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമുളള ഒരിടമാകുന്നു. മാലിന്യ സംസ്‌കരണ നിര്‍മാര്‍ജന മേഖലകളില്‍ വിട്ടുവീഴ്ച വരുത്താതെ ഷിഫ്റ്റുകളിലായി കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.