2017ല്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിന്ന് താക്കീത് ലഭിച്ച നാണക്കേടിന്റെ ചരിത്രം ചവറ്റുകൊട്ടയിലെറിഞ്ഞിരിക്കുകയാണ് ഇടുക്കിയിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യസംസ്‌ക്കരണത്തില്‍ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന തലത്തിലേക്ക് ഉയര്‍ന്ന ഇരട്ടയാറിന്റെ ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് 14 വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങളാണ്.
2020ലാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ച് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന ചിട്ടയായ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2021 മുതല്‍ 2024 ഡിസംബര്‍ വരെ ഇരട്ടയാര്‍ ഹരിത കര്‍മ്മസേന ശേഖരിച്ചത് 210 ടണ്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ 406 ടണ്‍ അജൈവ പാഴ് വസ്തുക്കളാണ്. മാലിന്യശേഖരണം അടക്കമുള്ളവയിലൂടെ പ്രതിമാസം ഇവര്‍ 10,000 മുതല്‍ 25,000 രൂപവരെ വരുമാനം കണ്ടെത്തുന്നു.
ഇന്ന് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ 100% വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മ്മസേന വാതില്‍പ്പടി സേവനം നല്‍കുന്നു. യൂസര്‍ഫീ ഇനത്തിലും പാഴ് വസ്തുക്കള്‍ കയറ്റി അയക്കുകയും ചെയ്തു ലഭിക്കുന്ന തുകയില്‍ 90% വീതിച്ചു നല്‍കുന്നു. 10% തുക കോര്‍പ്പസ് ഫണ്ടായി കണ്‍സോര്‍ഷ്യം അക്കൗണ്ടില്‍ സൂക്ഷിച്ച് -ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ബോണസ്സായും ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രാഥമിക ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. അംഗങ്ങളെ അപകട ഇന്‍ഷുറന്‍സ് പോളിസിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജൈവ പാഴ് വസ്തുക്കള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ആര്‍.ആര്‍.എഫ് ഫെസിലിറ്റിയാണ് ഇരട്ടയാറിലുള്ളത്. സമീപ പഞ്ചായത്തുകളില്‍ നിന്നും തരംതിരിച്ച പാഴ് വസ്തുക്കള്‍ വില നല്‍കി സ്വീകരിച്ച് ആര്‍.ആര്‍.എഫില്‍ എത്തിച്ച് വീണ്ടും തരം തിരിച്ച് റിസൈക്കിളിങ്ങിന് വിവിധ കമ്പനികള്‍ക്ക് കൈമാറി അധിക വരുമാനം നേടുന്നുമുണ്ട് ഇവര്‍. ഇത് കൂടാതെ തൊഴിലുറപ്പ് ബോര്‍ഡ് നിര്‍മ്മാണ സംരംഭ യൂണിറ്റും കുടുംബശ്രീ സൂക്ഷ്മസംരംഭമായി രജിസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു.
അടുത്തത് ഇരട്ടയാര്‍ ബ്രാന്‍ഡഡ് ജൈവവളം
സ്വന്തം ബ്രാന്‍ഡില്‍ ജൈവവളം പുറത്തിറക്കി വരുമാനം സ്വന്തമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇരട്ടയാര്‍ പഞ്ചായത്ത്. വീടുകളില്‍നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റും ശേഖരിച്ചുവരുന്ന ജൈവമാലിന്യം ഏഴു തരം നിലവാരത്തില്‍ പ്ലാന്റുകളുള്ള തുമ്പൂര്‍മുഴി യൂണിറ്റിലും ഒപ്പം വിന്‍ഡ്രോ കമ്പോസ്റ്റിങ്ങിലും എത്തിച്ച് ശാസ്ത്രീയ രീതിയില്‍ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്നു. ഈ വളമാണ് ഇരട്ടയാറിന്റെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കുക. പ്രതിദിനം 150 മുതല്‍ 300 കിലോ ജൈവമാലിന്യമാണ് സംസ്‌കരണം നടത്തുന്നത്.
അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും മാലിന്യം വലിച്ചെറിയലിനുമെതിരേ ഗ്രാമപഞ്ചായത്ത് കര്‍ക്കശമായ നിയമനടപടികള്‍ നടപ്പാക്കുന്നതും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ ഇരട്ടയാറിന്റെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പഞ്ചായത്തിലെത്തുന്നു. കൂടാതെ ഇരട്ടയാറിന്റെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ പരിശീലകരായി മറ്റു തദ്ദേശസ്ഥാപനങ്ങളിലെത്തി മൂല്യവര്‍ധിത തരം തിരിക്കല്‍ പരിശീലനവും നല്‍കുന്നു.