അതേ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ അധികവരുമാനം ലഭ്യമാക്കാന്‍ കണ്ടുപിടിച്ച ഉപായം മറ്റൊന്നുമല്ല. തങ്ങളുടെ പ്രദേശത്ത് ഏറെ ആവശ്യമുള്ള പൂക്കള്‍ വില്‍ക്കുന്ന ഒരു പൂക്കട. ഹരിത ഫ്‌ളവേഴ്‌സ് എന്ന പേരും ഇട്ടു. ഇക്കഴിഞ്ഞ ഓണത്തിന് തൃക്കരിപ്പൂരുകാര്‍ പൂക്കള്‍ തേടി മറ്റെങ്ങും പോയില്ല. നേരേ ഹരിത ഫ്‌ളവേഴ്‌സിലേക്ക് എത്തി. അതുവരെ പൂക്കള്‍ക്കായി പയ്യന്നൂരിനെ ആശ്രയിച്ചിരുന്ന തൃക്കരിപ്പൂരുകാര്‍ക്ക് ആശ്വാസമാകുകയായിരുന്നു ഹരിത ഫ്‌ളവേഴ്‌സ്.
തൃക്കരിപ്പൂര്‍ ബസ്സ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് കെട്ടിടത്തില്‍ 2024 സെപ്റ്റംബര്‍ മാസത്തിലാണ് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഹരിതകര്‍മ്മസേനാംഗങ്ങളായ 42 പേരില്‍ പത്ത് പേര്‍ക്ക് പൂക്കട നടത്തിപ്പിന് പ്രത്യേക പരിശീലനവും നല്‍കി. ഇപ്പോള്‍ 42 പേരും ഒരേ മനസ്സോടെ കടയുടെ നടത്തിപ്പിന്റെ ഭാഗമാകുന്നു.
പഞ്ചായത്ത് പദ്ധതിയില്‍ നിന്നുമുള്ള മൂന്ന് ലക്ഷം രൂപയും ബാങ്ക് ലോണായി എടുത്ത നാല് ലക്ഷം രൂപയുമാണ് സംരംഭത്തിന്റെ മൂലധനം. ഇപ്പോള്‍ അടുത്ത് നിന്നുള്ള മൊത്തവിതരണക്കാരില്‍ നിന്ന് പൂക്കളെടുത്താണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഭാവിയില്‍ ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നേരിട്ട് പൂക്കളെത്തിച്ച് വില്‍പ്പന നടത്താന്‍ ഹരിത ഫ്‌ളവേഴ്‌സ് സംരംഭകര്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ സംരംഭക ശേഷി വിനിയോഗിച്ച് അധികവരുമാനം കണ്ടെത്താന്‍ ശ്രമിച്ച തൃക്കരിപ്പൂരിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ മറ്റൊരു മികച്ച മാതൃകയാണ്.