ജില്ലയിലെ നഗരസഭകളില്‍ വലിപ്പത്തില്‍ മുന്‍നിരയിലാണെങ്കിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഏറെ പിന്നോക്കമായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കണ്ണൂരിലെ പയ്യന്നൂര്‍ നഗരസഭ. ഇന്ന് അതിനെല്ലാം മാറ്റം കുറിച്ച് നഗരസഭയെ മാലിന്യമുക്തമാക്കി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഹരിതകര്‍മ്മസേനാംഗങ്ങളായ 66 പേര്‍. തങ്ങളുടെ നഗരത്തിന് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ച ഇവര്‍ക്ക് നന്ദി പറയുകയാണ് നഗരവാസികളും.
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പുറമേ കുടുംബശ്രീ സി.ഡി.എസിന്റെയും നഗരസഭയുടെയും മേല്‍നോട്ടത്തില്‍ വിജയകരമായ സംരംഭങ്ങളും 12 അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള ഇവര്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു.
കരിയിലയില്‍ നിന്നും നിര്‍മിക്കുന്ന ജൈവവള നിര്‍മ്മാണ യൂണിറ്റ് ആണ് ഇതില്‍ ഏറ്റവും അധികം വരുമാനം നേടുന്ന സംരംഭം. കൂടാതെ ഇനോക്കുലം നിര്‍മ്മാണ യൂണിറ്റ്, കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും പാത്രവും ഗ്ലാസുകളും വാടകയ്ക്ക് നല്‍കുന്ന യൂണിറ്റ്, ഹരിതകര്‍മ്മസേനയുടെ ഗുഡ്‌സ് ഓട്ടോ കൂടാതെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ആവശ്യമില്ലാത്ത വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവ ശേഖരിച്ച് റിപ്പയര്‍ ചെയ്ത് സൗജന്യമായി ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ആര്‍.ആര്‍.ആര്‍ (റെഡ്യൂസ്, റീസൈക്കിള്‍, റിയൂസ്) യൂണിറ്റും ഇവര്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നു.
അത്യാധുനിക രീതിയില്‍ ഉള്ള മെഷീന്‍ സൗകര്യം ഉപയോഗിച്ചുള്ള ക്ലീനിങ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള സംരംഭങ്ങളില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളിലൊന്നുമാണ്.