പ്രവര്‍ത്തനമികവും വേതനതുല്യതയും മുഖമുദ്രയാക്കി വയനാട്ടിലെ മീനങ്ങാടി ഹരിതകര്‍മ്മസേന

വയനാട് ജില്ലയിലെ മീനങ്ങാടി പഞ്ചായത്തിലെ 38 ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തന മികവ് കൊണ്ടും തുല്യത ഉറപ്പുവരുത്തിക്കൊണ്ടും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മീനങ്ങാടി പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന നിലയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുള്ളത്. മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനുമായി ഈ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കെല്ലാം ഒരേ വേതനം ലഭിക്കണമെന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

വിവിധ വാര്‍ഡുകളിലെ വീടുകളുടെയും കടകളുടെയും എണ്ണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് ലഭിക്കുന്ന യൂസര്‍ഫീയില്‍ വ്യത്യസ്തതയുണ്ടാക്കുന്നത്. ഇതിന് പരിഹാരമായി ക്ലസ്റ്ററുകള്‍ തിരിച്ച് പ്രവര്‍ത്തനം നടത്തി എല്ലാവര്‍ക്കും എല്ലാ വാര്‍ഡിലും എത്താനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ വേതനത്തില്‍ തുല്യത വരുത്തി.

സംരംഭ രൂപീകരണ സാധ്യതകളെയും പരമാവധി ഉപയോഗപ്പെടുത്തി ജനകീയ ഹോട്ടല്‍, ഗ്രീന്‍ കഫറ്റീരിയ, ടേക്ക് എ ബ്രേക്ക് സെന്റര്‍, പച്ചക്കറി കൃഷി, റെന്റല്‍ സര്‍വീസ്, സ്വാപ്പ് ഷോപ്പ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, ചെണ്ടമേളം ട്രൂപ്പ് എന്നിവയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ നടത്തിവരുന്നു. ഹരിതകര്‍മ്മസേനാംഗങ്ങളിലെ പത്ത് പേര്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയും ഹരിതകര്‍മ്മസേനയുടെ വാഹനത്തിലെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിച്ചു വരുകയും ചെയ്യുന്നു.