കൊല്ലം ജില്ലയിലെ പ്രധാന തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായ ശാസ്താംകോട്ടയെന്ന പഞ്ചായത്തിനെ മാലിന്യമില്ലാതെ കാത്തു സൂക്ഷിച്ചും ഹരിതാഭ നിറച്ചും ആകര്‍ഷകമാക്കുകയാണ് ഇവിടുത്തെ ‘ഗ്രീന്‍ ടെക്നീഷ്യന്‍മാ’രായ ഹരിതകര്‍മസേനാംഗങ്ങള്‍. തുടക്കത്തില്‍ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഏറെ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും ഇന്ന് ‘എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം’ എന്ന മനോഭാവം പൊതുസമൂഹത്തില്‍ ഉറപ്പിക്കാന്‍ ഈ ശുചിത്വ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പഞ്ചായത്തില്‍ 19 വാര്‍ഡുകളിലായി 38 ഹരിതകര്‍മസേനാംഗങ്ങലാണ് മാലിന്യ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുഖേനയാണ് എല്ലാ വാര്‍ഡുകളിലുമുള്ള സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള വാതില്‍പ്പടി മാലിന്യ ശേഖരണം. ഹരിത കര്‍മസേനയിലെ രണ്ട് അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ഓരോ വാര്‍ഡും ആറ് മുതല്‍ എട്ട് ക്ളസ്റ്ററുകളായി തിരിച്ചാണ് മാലിന്യ ശേഖരണം നടത്തുന്നത്. ഓരോ ക്ളസ്റ്ററിലും 70 മുതല്‍ 80 വീടുകള്‍ ഉള്‍പ്പെടും. ഒരു ദിവസം രണ്ടു വാര്‍ഡുകളുടെ മാലിന്യശേഖരണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിലൂടെ പത്ത് ദിവസത്തിനുളളില്‍ എല്ലാ വാര്‍ഡുകളിലും മാലിന്യ ശേഖരണം പൂര്‍ത്തിയാക്കാനാകും. ആദ്യമൊക്കെ 20 ശതമാനം യൂസര്‍ഫീ ലഭിച്ചിരുന്നത് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തുടക്കത്തില്‍ ആയിരം രൂപ മാസവേതനം ലഭിച്ചിരുന്ന അംഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിമാസം 10,000 രൂപയ്ക്ക് മുകളിലാണ് വരുമാനം. ഇതിനു പുറമേ ജൈവ മാലിന്യ ശേഖരണത്തിലൂടെ അധിക വരുമാനവും നേടാന്‍ കഴിയുന്നു. വരുമാന വര്‍ധനവിനായി യൂസര്‍ഫീസ് കളക്ഷന്‍ നൂറ് ശതമാനമാക്കുന്നതിനുള്ള പ്രയത്നത്തിലാണ് ഈ പെണ്‍കൂട്ടായ്മ.
മാലിന്യം എടുക്കുന്നവര്‍ എന്ന പേരില്‍ നിന്നും ‘ഗ്രീന്‍ ടെക്നീഷ്യന്‍മാര്‍’ എന്ന വിശേഷണ പദം ലഭിച്ചതിനു പിന്നിലും ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവുണ്ട്. പഞ്ചായത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍നിരയിലാണ്. . പഞ്ചായത്തിലെ
ഹരിതകര്‍മമ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന്‍റെ പൂര്‍ണ പിന്തുണയുമുണ്ട്. അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്ത് തലത്തില്‍ 3000 ചതുരശ്ര അടിയിലുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്‍റര്‍ (എം.സി.എഫ്) സംവിധാനവും 19 വാര്‍ഡുകളിലായി 40 മിനി എം.സി.എഫുകളും പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ക്ക് യൂണിഫോം,തൊപ്പി, കോട്ട്, ട്രോളി, ഓഫീസില്‍ മേശ, കസേര, അലമാര, വൈദ്യുതി കണക്ഷന്‍. കുടിവെള്ള സൗകര്യം, വെള്ളം തിളപ്പിക്കാനുളള ഇന്ഡക്ഷന്‍ കുക്കര്‍, കെറ്റില്‍, അഗ്നി സുരക്ഷാ ഉപകരണങ്ങള്‍, ട്രോളി, ബാത്ത്റൂം സൗകര്യം എന്നിവയും പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ അജൈവ മാലിന്യം ശേഖരിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹരിതകര്‍മ സേനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഹരിതകര്‍മസേനാ കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. വരുമാന വര്‍ധനവിന് സംരംഭ രൂപീകരണവും പുരോഗമിക്കുകയാണ്. ഇതു കൂടാതെ 2021 ല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിതസഹായ സ്ഥാപനമായ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ(ഐ.ആര്‍.ടി.സി) യുടെ പിന്തുണയും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബശ്രീയും ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററും സംയുക്തമായി നടത്തിയ ക്യാമ്പയിനുകള്‍ വഴി ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തന പുരോഗതിക്കായി ‘പെണ്‍ രാവേറ്റം’ കുട്ടികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ളാസുകള്‍, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ചേര്‍ന്ന് എ.ഡി.എസ്, സി.ഡി.എസ്തലത്തിലും സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഏറെ ശ്രദ്ധ നേടിയിരുന്നു.