പട്ടികവർഗ്ഗ പ്രത്യേക പദ്ധതി
പട്ടികവർഗ്ഗ പ്രത്യേക പദ്ധതി
കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ പ്രത്യേകം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത് 2008 മുതലാണ്. കുടുംബശ്രീയുടെ ആരംഭഘട്ടം മുതൽ അയൽക്കൂട്ടങ്ങൾ പട്ടികവർഗ്ഗ മേഖലയിൽ നിലനിന്നിരുന്നെങ്കിലും അയൽക്കൂട്ടങ്ങളുടെ സജീവത കാര്യമായി ഉണ്ടായിരുന്നില്ല. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഓരോ ജില്ലകളിലെയും വിവിധ പ്രവർത്തനങ്ങളിൽ പട്ടികവർഗ്ഗ വിഭാഗക്കാരുടെ പങ്കാളിത്തം വളരേയേറെ കുറവുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. 2007 ലെ പ്രവർത്തനങ്ങൾ വിലയിരുത്തിയും കുടുംബശ്രീ പട്ടികവർഗ്ഗ മേഖലയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായം ഉൾക്കൊണ്ടുമാണ് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ കാസറഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകൾ കേന്ദ്രീകരിച്ചു തെരെഞ്ഞെടുത്ത 10 വീതം ഗ്രാമ പഞ്ചായത്തുകളിൽ 2009 ൽ പ്രവർത്തനങ്ങൾ ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലെയും പട്ടികവർഗ്ഗവിഭാഗക്കാർ അധിവസിക്കുന്ന എല്ലാ ഗ്രാമ-നഗര സി.ഡി.എസുകൾ കേന്ദ്രീകരിച്ച് നടത്തുന്നതിന് ജില്ലകൾക്ക് അനുമതി നൽകി.
കുടുംബശ്രീ പട്ടികവർഗ്ഗ വികസന വകുപ്പിന് സമർപ്പിക്കുന്ന പ്രത്യേക പ്രൊപ്പോസലുകൾക്ക് അംഗീകാരം നേടിയെടുത്തും, കുടുംബശ്രീക്ക് എല്ലാവർഷവും ലഭ്യമാകുന്ന ബജറ്റ് വിഹിതം ഉപയോഗിച്ചുമാണ് നടത്തുന്നത്. കൂടാതെ പട്ടികവർഗ്ഗ വികസനവകുപ്പിൽ നിന്നും മറ്റു വകുപ്പുകളിൽ നിന്നും ലഭ്യമാകുന്ന ഫണ്ട് ഉപയോഗിച്ചു അട്ടപ്പാടി പോലെയുള്ള മേഖലകളിൽ പ്രത്യേക ഇടപെടലുകളും നടത്തുന്നുണ്ട്. കുടുംബശ്രീ അയൽക്കൂട്ടം, കൃഷി ഗ്രൂപ്പ് എന്നിവയ്ക്ക് കോർപ്പസ് ഫണ്ട്, ആവശ്യമായ പരിശീലനം നൽകൽ, ഊരുമൂപ്പൻ, പ്രൊമോട്ടർ എന്നിവർക്കുള്ള വിദഗ്ധ പരിശീലനം, ഉപജീവന രംഗത്തെ ഇടപെടലുകൾ, പരമ്പരാഗത കൃഷി, തൊഴിൽ എന്നിവ നിലനിർത്തൽ, കുട്ടികളുടെ സംഗമം, കൗമാരക്കാരുടെ പ്രത്യേക പരിപാടികൾ, വനവിഭവശേഖരണം, സാമ്പത്തികസാക്ഷരത തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.
2014-ൽ ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ ഭാഗമായി അട്ടപ്പാടിയിൽ പ്രത്യേക ഇടപെടലുകൾ ആരംഭിക്കുന്നതിനു ഫണ്ട് ലഭ്യമായപ്പോൾ, മറ്റെല്ലാ ജില്ലകളിലും ഊരുകൾ കേന്ദ്രീകരിച്ച് സൂക്ഷ്മതല ആസൂത്രണ പരിപാടി സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി ജില്ലകളിൽ വിവിധ വകുപ്പുകളെ കേന്ദ്രീകരിച്ച് ഊരുകളിൽ അദാലത്ത് സംഘടിപ്പിക്കുകയും, കുടുംബശ്രീ പ്രവർത്തനം വഴി മികച്ച നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അട്ടപ്പാടിക്കു വേണ്ടി നടപ്പിലാക്കിവന്നിരുന്ന കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം വയനാട് ജില്ലയിലേക്ക് വ്യാപിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സൂക്ഷ്മതല ആസൂത്രണം നടത്തിയതിന്റെ ഭാഗമായി, ചില മേഖലകളും, ചില പ്രത്യേക വിഭാഗക്കാർക്കിടയിലും കൂടുതൽ ശ്രദ്ധ നൽകി പ്രവർത്തനം നടത്തേണ്ടതുണ്ട്എന്ന തിരിച്ചറിവിൽ നിന്ന് വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിലെ ആറളം പട്ടികവർഗ്ഗ പുനരധിവാസ മേഖല, മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും, കാസർഗോഡ് ജില്ലയിലെ കൊറഗ വിഭാഗക്കാർ ഉള്ള ഗ്രാമ പഞ്ചായത്തുകൾ, തൃശൂർ ജില്ലയിലെ കാടർ വിഭാഗം, പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗം എന്നിങ്ങനെയുള്ളവർക്കായുള്ള പ്രവർത്തനം 2016-17 വർഷത്തിൽ ആരംഭിച്ചു.
നാളിതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീക്ക് കേരളത്തിലെ പട്ടികവർഗ്ഗ മേഖലയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിച്ചു എന്നത് നേട്ടമായി കണക്കാക്കുന്നു. പട്ടികവർഗ്ഗ മേഖലയിൽ പ്രാവർത്തികമാക്കാൻ പറ്റുന്ന രീതിയിൽ ഓരോ കുടുംബത്തിന്റെയും സൂക്ഷ്മ പ്ലാൻ തയ്യാറാക്കി വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള സമീപനമാണ് ഇനി മുതൽ കൈക്കൊള്ളേണ്ടത്. ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുപോരുന്നത് അതത് ജില്ലാമിഷനുകളും, സി.ഡി.എസ്സുകളുമാണ്. ഈ പിന്തുണയും മുൻകൈയുമാണ് ഈ സാമ്പത്തികവർഷവും പ്രതീക്ഷിക്കുന്നത്.
കുടുംബശ്രീയുടെ 2019-20 വർഷത്തെ ലക്ഷ്യങ്ങൾ പ്രധാനമായും ഉപജീവനത്തിനും, പട്ടികവർഗ്ഗ മേഖലയിലെ യുവജനങ്ങളുടെയും, കുട്ടികളുടെയും കാര്യത്തിലുള്ള ആവശ്യാധിഷ്ഠിത സമീപനത്തിനും പ്രാമുഖ്യം നല്കിയുള്ളതാണ്. അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ അടക്കം ലക്ഷ്യങ്ങൾ ഇവിടെ 3 ഘടകങ്ങളായിട്ടാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
• പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ പ്ലാൻ ഫണ്ടുപയോഗിച്ചുള്ള ഇടപെടലുകൾ
• പട്ടികവർഗ്ഗ മേഖലയിൽ എൻ ആർ എൽ എം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ്
• അട്ടപ്പാടിയിലെ പ്രത്യേക ഇടപെടലുകൾ
പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ പ്ലാൻ ഫണ്ടുപയോഗിച്ചുള്ള ഇടപെടലുകൾ
പട്ടികവർഗ്ഗ മേഖലയിലെ ഏറ്റവും മികച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളെ തയ്യാറാക്കൽ - സ്വയംപര്യാപ്ത പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾ.
അയൽക്കൂട്ടങ്ങൾ അതിന്റെ എല്ലാ പ്രവർത്തനങ്ങളും സ്വന്തം നിലയിൽ ചെയ്യുന്ന രീതിയിലും, കൂടാതെ അയൽക്കൂട്ടങ്ങളിൽ അംഗങ്ങൾക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനും വേണ്ടി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായം ലഭ്യമാക്കി സ്വയം പര്യാപ്തതയിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ പുറമെ നിന്നുള്ള സഹായമില്ലാതെ സ്വന്തമായി പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങൾ ഉണ്ടാവുക എന്ന നേട്ടമാണ് പ്രതീക്ഷിക്കുന്നത്.ഇൗ വർഷം 500 അയൽക്കൂട്ടങ്ങൾ ആണ് സ്വയം പര്യാപ്ത അയൽക്കൂട്ടങ്ങൾ ആയി തെരഞ്ഞെടുക്കുന്നത്.
1. പട്ടികവർഗ്ഗ മേഖലയിൽ മൃഗസംരക്ഷണത്തിലൂന്നിയുള്ള ഉപജീവന പ്രവർത്തനങ്ങൾ
പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ കുടുംബങ്ങളും ഏർപ്പെടുന്ന ഉപജീവന മാർഗ്ഗമായി മൃഗസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുക. അതിലൂടെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ പട്ടിക വർഗ്ഗ വിഭാഗത്തിലെ വനിതകൾക്കായി 40 ആട് വളർത്തൽ വ്യക്തിഗത യൂണിറ്റും 45 മുട്ടക്കോഴി (കോഴിയും കൂടും പദ്ധതി) യൂണിറ്റും രൂപീകരിക്കുക. ഇതിലൂടെ ഒരു കുടുംബത്തിന് പ്രതിവർഷം 20,000 രൂപ അധിക വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പ്രതീക്ഷിക്കുന്ന നേട്ടം.
2. പരമ്പരാഗത ഉപജീവന സംരംഭങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണാ പദ്ധതി
പട്ടികവർഗ്ഗക്കാരുടെ കൈമുതലുകളായ പാരമ്പര്യ കലകൾ, പരമ്പരാഗത വൈദ്യം, തനത് ഭക്ഷണം, കരകൗശല ഉത്പന്നങ്ങൾ എന്നീ രംഗങ്ങളിൽ ഉപജീവന സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് കുടുംബങ്ങൾക്ക് വരുമാനം ലഭ്യമാക്കലാണ് ഇവിടെ ലക്ഷ്യമിടുന്നത്. അതിലൂടെ 70 പാരമ്പര്യ ഉപജീവന സംരംഭങ്ങളെ സുസ്ഥിരമാക്കി നിലനിർത്തുന്നതിലൂടെ പ്രതിവർഷം ഒരു പാരമ്പര്യ സംരംഭകന്/ സംരംഭങ്ങൾക്ക് 30,000 രൂപ വരുമാനം ഉറപ്പുവരുത്താൻ സാധിക്കേണ്ടതാണ്. നിലവിലുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പ്രദർശന-വിപണന മേളകളിൽ - ദേശീയ മേളകളിൽ അടക്കം - പങ്കെടുപ്പിക്കുകയും ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായിക്കുകയും ചെയ്യുന്ന പദ്ധതി.
3. പട്ടികവർഗ്ഗ ജെ.എൽ.ജി കൾക്കുള്ള പ്രാരംഭ ധനസഹായമായി ജെ.എൽ.ജി കോർപ്പസ് ഫണ്ട്നൽകൽ
പട്ടികവർഗ്ഗ മേഖലയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപജീവനോപാധികൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനു വേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ജെ.എൽ.ജികൾക്ക് ഗ്രൂപ്പ് ഒന്നിനു 4,000 രൂപ കോർപ്പസ് ഫണ്ട് നൽകാവുന്നതാണ്. ഈ വർഷം 530 ജെ.എൽ.ജി കൾക്ക് കോർപ്പസ് ഫണ്ട് നൽകുന്നു. 1,500 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കർഷകർ കൃഷി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. ബ്രിഡ്ജ് കോഴ്സ് നടപ്പിലാക്കൽ
പട്ടികവർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഊരിൽ തന്നെ പഠനസംബന്ധമായതും, പാഠ്യേതരവുമായ അധിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള ട്യൂഷൻ സെന്ററുകൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പമാക്കാനും, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും, ദൈനംദിന ജീവിതത്തിലെ ആരോഗ്യ ശുചിത്വ പോഷക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്താനും മുൻ വർഷങ്ങളിൽ ആരംഭിച്ച ബ്രിഡ്ജ് കോഴ്സുകൾ തുടരുന്നതിനാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്.
5. പട്ടികവർഗ്ഗ മേഖലയിൽ യുവജനങ്ങൾക്ക് മത്സരപരീക്ഷ പരിശീലനം
പട്ടികവർഗ്ഗ വിഭാഗത്തിലെ 750 ഉദ്യോഗാർത്ഥികൾക്ക് വിവിധ ജോലികൾക്കുള്ള മത്സര പരീക്ഷകൾ എഴുതുവാൻ വേണ്ടി തുടർച്ചയായ പരിശീലനം 6 മാസം നൽകുക. ഇതിലൂടെ 75 പേരെങ്കിലും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് പിന്തുണ ഉറപ്പാക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
6. ഗോത്രപ്പെരുമ ഫെസ്റ്റ്
പട്ടികവർഗ്ഗ മേഖലയിലെ കുടുംബശ്രീ ഇടപെടലിലൂടെ ഉണ്ടായിവരുന്ന തനതു കല, ഭക്ഷണം, കരകൗശലഉത്പന്നങ്ങൾ, പാരമ്പര്യ വൈദ്യം എന്നിങ്ങനെയുള്ള പട്ടികവർഗ്ഗ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുക. ഇതിലൂടെ കേരളത്തിലെ കുടുംബശ്രീയുടെ പ്രധാന വിപണന ശാലകളിൽ കരകൗശല, വന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയും, പ്രതിമാസം 200 സംരംഭകർക്ക് 2000 രൂപ അധിക വരുമാനം ഉറപ്പുവരുത്തുകയും ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 14 ജില്ലകളിലും ഫെസ്റ്റ് സംഘടിപ്പിക്കേണ്ടതുണ്ട്.
7. അയൽക്കൂട്ട സമാഗമം/ ഊരിൽ ഒരു ദിനം
പട്ടികവർഗ്ഗ മേഖലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലകളിൽ സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ്മയിൽ ആദിവാസി വിഭാഗക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ജില്ലാ നേതൃത്വത്തിന്റെ അദാലത്ത് ഊരിൽ ഒരു ദിവസം സംഘടിപ്പിക്കുക. പട്ടികവർഗ്ഗ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അയൽക്കൂട്ട അംഗങ്ങളുടെ പ്രധാന പ്രശ്നങ്ങൾ കണ്ടെത്താനും, പ്രദേശത്ത് ആവശ്യമായി വരുന്ന ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് അയൽക്കൂട്ട സംഗമങ്ങൾ സംഘടിപ്പിക്കണം. ജില്ലയുടെ സാധ്യതയ്ക്കനുസരിച്ച് അയൽക്കൂട്ട സംഗമമോ അദാലത്തോ സംഘടിപ്പിക്കലും ആയതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർപ്രവർത്തനം.
8. അയൽക്കൂട്ട കോർപ്പസ് ഫണ്ട്
പുതുതായി ആരംഭിക്കുന്ന പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 15,000 രൂപ കോർപ്പസ് ഫണ്ട് നല്കാവുന്നതാണ്. ഇതിലൂടെ അയൽക്കൂട്ട പ്രവർത്തനം മെച്ചപ്പെടുത്താനും അതിലുപരി അയൽക്കൂട്ട പ്രദേശത്തെ മറ്റു പണമിടപാടുകാരുടെ ഇടപെടൽ ഒഴിവാക്കാനും സാധിക്കുന്നു.
9. ട്രൈബൽ സെൻസിറ്റൈസേഷൻ പ്രോഗ്രാം
പട്ടികവർഗ്ഗ മേഖലയിൽ ഉത്തരവാദിത്വമുള്ള ജില്ലാമിഷൻ പ്രവർത്തകർ ആ മേഖലയുടെ സവിശേഷതകൾ മനസ്സിലാക്കി ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ആ മേഖലയിലെ ഏറ്റവും അർഹരായവരിലേയ്ക്ക് കുടുംബശ്രീ ഇടപെടലുകളുടെ ഗുണഫലം ലഭ്യമാക്കുകയുള്ളു. പട്ടിക വർഗ്ഗ മേഖലയെയും സമൂഹങ്ങളേയും കൂടുതൽ മനസ്സിലാക്കുന്നതിനാണ് സെൻസിറ്റൈസേഷൻ സംഘടിപ്പിക്കുക
10. ജില്ലാ ഇനിഷ്യേറ്റീവ് പ്രവർത്തനവും മറ്റു സാമൂഹ്യ വികസന പ്രവർത്തനങ്ങളും
പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലാ മിഷനുകൾ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി രൂപം കൊടുത്ത് നടപ്പാക്കുന്ന പദ്ധതികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മുൻവർഷങ്ങളിൽ തുടങ്ങിയവയുടെ തുടർപ്രവർത്തനത്തോടൊപ്പം പുതിയ പദ്ധതികൾ രൂപകല്പന ചെയ്യാവുന്നതാണ്.
പട്ടികവർഗ്ഗ മേഖലയിൽ എൻ.ആർ.എൽ.എം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ
അട്ടപ്പാടി സ്പെഷ്യൽ പ്രോജക്ടിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ആറു സ്പെഷ്യൽ പ്രോജക്ടുകൾ കൂടി കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ഇവ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുത്തിട്ടുള്ളത്.
പ്രത്യേക പരിഗണന ആവശ്യമായ ചില പട്ടിക വർഗ്ഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
1. ‘’കൊറഗ’’ വിഭാഗക്കാർ അധിവസിക്കുന്ന കാസറഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങൾ
2. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കണ്ണൂർ ജില്ലയിൽ ആറളം ഗ്രാമപഞ്ചായത്തിലെ ആറളം വാർഡ്.
3. വയനാട് ജില്ലയിൽ ‘’കാട്ടുനായ്ക്ക’’ വിഭാഗം കൂടുതലുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.
4. ‘’ചോലനായ്ക്കർ’’ വിഭാഗക്കാർ വസിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലം.
5. ‘’കാടർ’’ വിഭാഗം അധിവസിക്കുന്ന തൃശൂർ ജില്ലയിലെ പ്രദേശങ്ങൾ.
6. ‘’മലമ്പണ്ടാരം’’ സമുദായം ജീവിച്ചുവരുന്ന പത്തനംതിട്ട ജില്ലയിലെ വനമേഖലകൾ.
തിരുനെല്ലി, നിലമ്പൂർ, ആറളം, കാസറഗോഡ് പദ്ധതികൾക്കായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. മറ്റു രണ്ടു പദ്ധതികൾ തൃശൂർ, പത്തനംതിട്ട അതത് ജില്ലാ മിഷനുകളുടെ ചുമതലയിലാണ് നടക്കുന്നത്.
1. സാമൂഹ്യ സംഘാടനവും കാര്യശേഷി വികസനവും
പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കിടയിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സമ്പൂർണ വ്യാപനമാണ് ലക്ഷ്യമിടുന്നത്. സംഘടനാ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനും നേതൃത്വ നിരയിലേയ്ക്ക് ഉയരുന്നതിനുമായി പരിശീലനം ഉറപ്പുവരുത്തുന്നു. അയൽക്കൂട്ട രുപീകരണം, അയൽക്കൂട്ട ലീഡർമാർക്കുള്ള പരിശീലനം, അയൽക്കൂട്ട അംഗങ്ങൾ, വോളണ്ടിയർമാർക്കുള്ള പരിശീലനം, സ്പെഷ്യൽ എ.ഡി.എസ് ലീഡർമാർ, വോളണ്ടിയർമാർക്കുള്ള പരിശീലനം, സംയോജനം ഉറപ്പു വരുത്തുന്നതിനുള്ള പരിശീലനങ്ങൾ, അംഗൻവാടി ടീച്ചർ, ഹെൽപ്പർമാർ, ആശാവർക്കർ, പ്രൊമോട്ടർ, ഊരുമൂപ്പൻ, ഊരുമിത്ര, പഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ് / എ.ഡി.എസ് മെമ്പർമാർ, അനിമേറ്റർമാർ തുടങ്ങിയവർ, പഠന സന്ദർശന യാത്രകൾ സംസ്ഥാനത്തിനകത്തും, പുറത്തും
2. കമ്മ്യൂണിറ്റി ഫണ്ട് വിതരണവും വിനിയോഗവും
ജില്ലയിൽ ഇതുവരെ രൂപീകരിച്ചിട്ടുള്ളതും പുതുതായി രൂപീകരിക്കുന്നതുമായ അയൽക്കൂട്ടങ്ങൾക്ക് കോർപ്പസ് ഫണ്ട്, റിവോൾവിംഗ് ഫണ്ട്, വി.ആർ.എഫ്, കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട്, സ്റ്റാർട്ട് അപ്പ് ഫണ്ട് സ്‌പെഷ്യൽ എ.ഡി.എസ് ഫണ്ട്, കണ്ടിജൻസി വി.ആർ.എഫ് എന്നിവ നൽകിയും ബുക്ക് കീപ്പറുടെ സേവനം ലഭ്യമാക്കിയും അയൽക്കൂട്ട പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
3. ബ്രിഡ്ജ് കോഴ്സ്
പട്ടികവർഗ്ഗ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് അതാത് ഊരിൽത്തന്നെ അധിക വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയുള്ള ട്യൂഷൻ സെന്ററുകൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പമാക്കാനും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കാനും, ദൈനംദിന ജീവിതത്തിലെ ആരോഗ്യ, ശുചിത്വ, പോഷക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും സാധിക്കുന്നു. മുൻ വർഷങ്ങളിൽ ആരംഭിച്ച അതേ ബ്രിഡ്ജ് കോഴ്സുകൾ പൂർണമായും തുടരുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
4. സാമൂഹ്യ വികസന പ്രവർത്തനങ്ങൾ- സ്പെഷ്യൽ പ്രോജക്ടുകളിൽ
പട്ടികവർഗ്ഗ മേഖലയിൽ സാമൂഹ്യവികസന ആവശ്യമുള്ളയിടങ്ങളിൽ സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുക. പട്ടിക മേഖലയിലെ കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ, സ്ത്രീകൾ, പുരുഷൻമാർ എന്നിങ്ങനെ എല്ലാവർക്കുമായി സാമൂഹിക വികസനം ലക്ഷ്യമാക്കി വിവിധ പരിശീലനങ്ങൾ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക. പിന്നാക്കം നിൽക്കുന്ന ഊരിനെ/ ഊരുകളെ ദത്തെടുത്ത് സമഗ്രമായ പഠനത്തിന് ശേഷം സാമൂഹ്യവികസന പ്രവർത്തനങ്ങൾ നടത്തി അവയുടെ ഉന്നമനം സാധ്യമാക്കുക.
5. ഉപജീവന പ്രവർത്തനങ്ങൾ
സ്പെഷ്യൽ പ്രൊജക്ട് പ്രദേശങ്ങളിലെ ഉപജീവന ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ പരമ്പരാഗത മേഖലയിലും, കാർഷിക മൃഗസംരക്ഷണ മേഖലകളിലും കൂടുതൽ ശ്രദ്ധ നൽകിയുള്ള പ്രവൃത്തികൾ ആസൂത്രണം ചെയ്യുന്നതാണ്. എല്ലാവർക്കും ഉപജീവനമാർഗ്ഗവും, വരുമാന വളർച്ചയും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടം.