കുടുംബശ്രീ ഇരുപത്തിയാറാം വാര്‍ഷികം:   അയല്‍ക്കൂട്ട വനിതകള്‍ക്കായി ഓരോ വാര്‍ഡിലും ‘എന്നിടം’ ഒരുങ്ങുന്നു

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയാറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍  കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ഓരോ എ.ഡി.എസിലും ‘എന്നിടം’ സജ്ജമാകുന്നു. വാര്‍ഡ്തലത്തിലുള്ള എ.ഡി.എസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും ‘എന്നിടം’ മാറും. അതത് എ.ഡി.എസ് ഭാരവാഹികള്‍ക്കാണ് ഇതിന്‍റെ പ്രവര്‍ത്തന ചുമതല.

കുടുംബശ്രീ വാര്‍ഷിക ദിനമായ മെയ് 17ന് വൈകുന്നേരം 3.30ന്  തിരുവനന്തപുരം ജില്ലയില്‍ ആര്യങ്കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴി എ.ഡി.എസില്‍ ‘എന്നിട’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ് നിര്‍വഹിക്കും.  പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എ.ഡി.എസ് ഓഫീസിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് ജി അധ്യക്ഷത വഹിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി ‘എന്നിടം’ ആശയാവതരണം നടത്തും. പരിപാടിയോടനുബന്ധിച്ച് രാവിലെ മുതല്‍ വിവിധ കലാ പരിപാടികള്‍, ഭക്ഷ്യമേള, ഉല്‍പന്ന പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

സംഘടനാ ശാക്തീകരണവും കുടുംബശ്രീ വനിതകളുടെ സാംസ്കാരിക ശാക്തീകരണവും ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കുന്ന വേറിട്ട പദ്ധതിയാണ് ‘എന്നിടം’. അയല്‍ക്കൂട്ട വനിതകളുടെ കലാ സാഹിത്യ വാസനകള്‍ വളര്‍ത്താനും ആശയങ്ങള്‍ പങ്കു വയ്ക്കാനുമുള്ള വേദിയായിരിക്കും ‘എന്നിടം’. ഓരോ വാര്‍ഡിലെയും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ഇടങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളാണ് ‘എന്നിട’ത്തിനായി തയ്യാറാവുന്നത്. അംഗങ്ങളില്‍ സാമൂഹിക സാംസ്കാരിക അവബോധം സൃഷ്ടിക്കുക, പൊതു സമൂഹത്തില്‍ മാനസികാരോഗ്യം ഉറപ്പു വരുത്തുക, നാടിന്‍റെ സൗഹാര്‍ദ്ദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ‘എന്നിട’ത്തിലൂടെ ലക്ഷ്യമിടുന്നു.

എല്ലാ വര്‍ഷവും കുടുംബശ്രീ വാര്‍ഷികദിനമായ മെയ് 17നും അനുബന്ധ ആഴ്ചയിലും എ.ഡി.എസ്തലത്തില്‍ അയല്‍ക്കൂട്ട, ഓക്സിലറി, ബാലസഭകളിലെ അംഗങ്ങള്‍, ബഡ്സ് ബി.ആര്‍.സി അംഗങ്ങള്‍, വയോജനങ്ങള്‍ തുടങ്ങി എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.   കൂടാതെ സാമൂഹ്യമേഖലയിലും വിനോദ വിജ്ഞാന കലാ കായിക മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ‘എന്നിടം’ വേദിയാകും. എല്ലാ മാസവും ഒരു ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് നിര്‍ദേശം.

സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ്, വിവിധ ഗ്രാമപഞ്ചായത്ത്  പ്രതിനിധികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.