കാർഷിക മേഖലയിലെ ഉപജീവന സാധ്യതകൾ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ സംസ്ഥാനതല സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ ഭാഗമായ ആദ്യ ശില്പശാല പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ പുരോഗമിക്കുന്നു. കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായാണ് ഈ ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നത്.
കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ശേഷം ‘കുര്കുമീല്’ എന്ന സംരംഭം പടുത്തുയർത്തി 80 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവ് നേടുന്ന സംരംഭകയായി മാറിയ തൃശ്ശൂർ സ്വദേശിനി ഗീത രണ്ടാം ദിനമായ ഓഗസ്റ്റ് 13ന് തദ്ദേശവാസികളായ പരിശീലനാർത്ഥികളോട് സംവദിച്ചത് നവ്യാനുഭവമായി. തൃശൂര്‍ ജില്ലയിലെ അഡാട്ട് പഞ്ചായത്തിലെ സ്നേഹലക്ഷ്മി അയല്‍ക്കൂട്ട അംഗമാണ് ഗീത.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തില്‍ ഡോ. എം.എസ്. സജീവിന്റെ നേതൃത്വത്തില്‍ രണ്ടാം ദിനം പരിശീലനവും നല്കി. കപ്പ, പാല്‍ചേമ്പ്, മധുരക്കിഴങ്ങ് എന്നിവയില്‍ നിന്നും ചിപ്സ്, കൂടാതെ കപ്പയില്‍ നിന്നും മിക്സ്ചര്‍, പക്കാവട, മുറുക്ക് എന്നിവ തയാറാക്കുന്നതിലായിരുന്നു പരിശീലനം.
‘അഗ്രി സംരംഭകത്വ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഡോ. ഷണ്മുഖസുന്ദരം രണ്ടാം ദിനത്തിൽ ക്ളാസ് എടുത്തു. ശില്പശാല 14 ന് പരിസമാപിക്കും.
