വയനാടിനെ കൈപിടിച്ചുയർത്താൻ ഈ കുരുന്നു കരങ്ങളും

പ്രകൃതി ദുരന്തം പിടിച്ചുലച്ച വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ കണ്ണീരൊപ്പാന്‍ ഒരു രൂപയ്ക്ക് പോലും അതിന്റേതായ വിലയുണ്ടെന്ന തിരിച്ചറിവാണ് ഞങ്ങളുടെ ഈ മുകുളങ്ങള്‍ക്കുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ക്ക് കഴിയുന്ന ഒരു തുക സംഭാവനയായി നല്‍കാന്‍ മലപ്പുറം ജില്ലയിലെ താഴേക്കോട് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ വഴി ഏവരുടേയും കണ്ണ് തുറപ്പിക്കുന്നതായി. 

രക്ഷിതാക്കളുടെ സഹായത്തോടെ കരിങ്കല്ലത്താണി ടൗണില്‍ ചായയും പലഹാരവും തയാറാക്കി നല്‍കി 8500 രൂപയാണ് ഈ മിടുക്കന്മാരും മിടുക്കികളും സമാഹരിച്ചത്. താഴേക്കോട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ 19 കുട്ടികളാണ് പഠിക്കുന്നത്. റഹ്ഷാ  അന്‍ഷിഫ് ഹാഫില്‍,  അജ്മല്‍ ദില്‍ഷാദ് എന്നീ കുട്ടികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മറ്റു കുട്ടികള്‍ ഇവര്‍ക്ക് സഹായമായി കൂടെനിന്നു. ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രക്ഷിതാക്കളായ അയൂബ്, സജ്‌ന നുസൈബ, ഷംന താഹിറ, അധ്യാപകന്‍ മുബഷിര്‍, ആയ ഫാഹിഷ തുടങ്ങിയവര്‍ പിന്തുണയുമേകി. 

തങ്ങള്‍ക്കാവും വിധം ഓരോ രൂപയും സമാഹരിച്ച് സഹജീവികളുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വരാന്‍ ഏവര്‍ക്കും പ്രചോദനമാകും താഴേക്കോട് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഈ ഇടപെടലെന്ന് ഉറപ്പ്.